ലോക സൗഹൃദ ദിനമായ ആഗസ്റ്റ് 3ന് സുഹൃത്തുക്കള്‍ തമ്മില്‍ വൃക്ഷത്തൈകളുടെ കൈമാറല്‍ പരിപാടിയുമായി ഹരിതകേരളം മിഷന്‍. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗഹൃദ ദിനത്തിലോ അനുബന്ധ ദിവസങ്ങളിലോ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് നട്ടുവളര്‍ത്താന്‍ വൃക്ഷത്തൈകള്‍ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് സൃഷ്ടിച്ച പച്ചത്തുരുത്തുകളിലും അന്ന് തൈകള്‍ നടും. പുതിയ നിരവധി പച്ചത്തുരുത്തുകള്‍ക്കും അന്ന് തുടക്കം കുറിക്കും. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാര്‍ബണ്‍ കേരളം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിപാടി. കുട്ടികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുന്നതിനും ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെയുള്ള വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്. ചങ്ങാതിയുടെ പേരില്‍ മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശംകൂടി കുട്ടികളിലെത്തും.
2025 സെപ്തംബര്‍ 30 നകം ഒരുകോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം ക്യാമ്പയിന്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിനകം 21 ലക്ഷത്തിലധികം തൈകള്‍ നട്ടുകഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, മഹാത്മാഗാന്ധി ദേശീയ-ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഫോറസ്ട്രി വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തില്‍ വ്യാപകമായി വൃക്ഷത്തൈ ഉല്പാദനവും ഓഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലായി നടക്കും.
CONTENT HIGH LIGHTS; Haritha Keralam Mission exchanges saplings on World Friendship Day