ജമ്മു കശ്മീരിലെ ശ്രീനഗറിന് സമീപം ലിഡ്വാസിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ചിനാർ കോർപ്സ് ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ‘ഓപ്പറേഷൻ മഹാദേവ്’ ആരംഭിച്ച വിവരം പുറത്തുവിട്ടത്.
തീവ്രമായ വെടിവയ്പിൽ മൂന്ന് ഭീകരരെ നിർവീര്യമാക്കി. ഓപ്പറേഷൻ തുടരുന്നു, സൈന്യം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പിൽ പറയുന്നു. കൊല്ലപ്പെട്ട ഭീകരർ ഉയർന്ന മൂല്യമുള്ള ലക്ഷ്യങ്ങളുള്ളവരും വിദേശ പൗരന്മാരുമാണ് എന്ന് സൂചനയുണ്ട്. സൈന്യം, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവ സംയുക്തമായി നടത്തിയ ഓപ്പറേഷനാണിത്.
രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ഹർവാനിലെ മുൾനാർ പ്രദേശത്താണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കോമ്പിംഗ് ഓപ്പറേഷൻ തുടരുകയാണെന്നും വൃത്തങ്ങൾ അറിയിച്ചു.