India

ലോക്‌സഭയിലെ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ഇന്നും തുടരും

ന്യൂഡല്‍ഹി: ലോക്‌സഭയിലെ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ച ഇന്നും തുടരും. രാജ്യസഭയില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് അമിത് ഷാ വിഷയത്തിൽ സംസാരിക്കും. രാഹുൽ ഗാന്ധിയും ലോക്സഭയിൽ സംസാരിച്ചേക്കും. ഓപ്പറേഷൻ സിന്ദൂറിൽ രാജ്യസഭയിൽ 16 മണിക്കൂർ ചർച്ച ഇന്നും തുടരും.

22 മിനിറ്റ് കൊണ്ട് പാകിസ്താന്‍ തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതായി ചര്‍ച്ചയ്ക്ക് തുടക്കമിട്ട പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയിലെ വെടിനിര്‍ത്തല്‍ തീരുമാനം മോദിക്ക് പകരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്തുകൊണ്ട് പ്രഖ്യാപിച്ചു എന്നായിരുന്നു ഉവൈസിയുടെ ചോദ്യം. പാകിസ്താന്റെ നഷ്ടത്തെ കുറിച്ച് ചോദിക്കാത്തത് എന്താണെന്നായിരുന്നു രാജ്നാഥ് സിംഗ് ആരാഞ്ഞത്. നൂറ് ദിവസം കഴിഞ്ഞിട്ടും പഹല്‍ഗാം പ്രതികളെ പിടികൂടാത്തതിനെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ ഏറ്റവും അവസാനം സംസാരിക്കും.

അതിനിടെ, ഇന്നലെ ലോക്‌സഭയിൽ ഓപറേഷൻ സിന്ദൂർ ചർച്ചയ്‌ക്കിടെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ പ്രകോപിതനായി ആഭ്യന്തരമന്ത്രി അമിത്‌ഷാ. വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചതാണ്‌ അമിത്‌ഷായെ പ്രകോപിതനാക്കിയത്. ‘ഇവർക്ക്‌ സ്വന്തം രാജ്യത്തിന്റെ വിദേശമന്ത്രി പറയുന്ന കാര്യങ്ങളിൽ വിശ്വാസമില്ല. മറ്റേതോ വിദേശരാജ്യത്തോടാണ്‌ ഇവർക്ക്‌ കൂറുള്ളത്‌. ഇവരുടെ പാർടിയിൽ വിദേശികൾക്കുള്ള പ്രാധാന്യം എല്ലാവർക്കുമറിയാം. പക്ഷേ, അതുകൊണ്ട്‌ അവരുടെ താൽപര്യങ്ങൾ ഇവിടെ നടപ്പാക്കാൻ ശ്രമിക്കരുത്‌.’–- അമിത്‌ഷാ പറഞ്ഞു.