തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുജറാത്ത് മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് മഴ. ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലക്കും സാധ്യത ഉള്ളതിനാല്‍ തീരദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും, മത്സ്യത്തൊഴിലാളികള്‍ക്ക്കടലില്‍ പോകുന്നതിന് വിലക്കും ഏര്‍പ്പെടുത്തി.
കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടർ. കുട്ടനാട് താലൂക്കിലെ തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിൽ മഴയെത്തുടർന്ന് വെള്ളപ്പൊക്കമുള്ളതിനാൽ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
















