World

ന്യൂയോര്‍ക്കില്‍ വെടിവയ്പ്; പൊലീസ് ഉദ്യോഗസ്ഥനും അക്രമിയുമടക്കം അഞ്ച് മരണം

മാൻഹാട്ടൺ: ന്യൂയോർക്കിലെ മാൻഹാട്ടണിൽ ഉണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോ‍ർട്ട്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടെന്നാണ് റിപ്പോർട്ട്. അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാന ധനകാര്യ സ്ഥാപനങ്ങളും നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ ആസ്ഥാനവും സ്ഥിതി ചെയ്യുന്ന മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ ഓഫീസ് ടവറിനുള്ളിലാണ് വെടിവയ്പുണ്ടായത്.

മിഡ്ടൗണ്‍ മാന്‍ഹട്ടനിലെ 345 പാര്‍ക്ക് അവന്യൂവില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് വെടിവയ്പ് നടന്നത്. മിനുട്ടുകള്‍ക്കുള്ളില്‍ പൊലീസ് സംഭവസ്ഥലത്തെത്തി. ലാസ് വെഗാസ് സ്വദേശിയായ 27 വയസ്സുകാരനാണ് അക്രമിയെന്നാണ് സംശയിക്കുന്നത്. ബോംബ് സ്ക്വാഡ് സംഭവ സ്ഥലത്തുണ്ട്.

പ്രതി റൈഫിള്‍ എടുത്ത് കെട്ടിടത്തിലേക്ക് നടക്കുന്നതിന്റെ ഫോട്ടോ പൊലീസ് പങ്കുവെച്ചു. പ്രാഥമിക പരിശോധനയില്‍ പ്രതിക്ക് കാര്യമായ ക്രിമിനല്‍ ചരിത്രം കണ്ടെത്തിയിട്ടില്ല. വെടിവയ്പ്പില്‍ പലർക്കും പരുക്ക് പറ്റിയെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കെട്ടിടം വലിയ പൊലീസ് വലയത്തിലാണ്.