കന്യാസ്ത്രീകൾക്കെതിരായ മതപരിവർത്തന കുറ്റം നിഷേധിച്ച് പെൺകുട്ടികളുടെ കുടുംബം. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പെൺകുട്ടികള്‍ ഇവർക്കൊപ്പം പോയതെന്നും ബന്ധുക്കൾ പറഞ്ഞു.
മാതാപിതാക്കളുടെ അനുമതിയോടെ പെൺകുട്ടികൾ കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിലേക്ക് ജോലിക്കായി പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ ‘ദി ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിർബന്ധിച്ചല്ല ഇവരെ കൊണ്ടുപോയത്. അഞ്ച് വർഷമായി ക്രൈസ്തവ വിശ്വാസികളാണ് കുടുംബം.
കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും നാരായൺപൂരിൽനിന്നുള്ള പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. കന്യാസ്ത്രീകൾ നഴ്സിങ് ജോലിക്കായി തന്റെ സഹോദരിയെ കൊണ്ടുപോയതാണെന്ന് മറ്റൊരു പെൺകുട്ടിയുടെ മൂത്ത സഹോദരി പറഞ്ഞു.
മാതാപിതാക്കൾ നഷ്ടപ്പെട്ടവരാണ് ഞങ്ങൾ. ഞാനും അവരുടെ (കന്യാസ്ത്രീകളുടെ) സ്ഥാപനത്തിൽ ലക്നൗവിൽ ജോലി ഏറ്റെടുത്തിരുന്നു. എന്റെ സഹോദരിക്കും ഇത്തരത്തിൽ സ്വയംപര്യാപ്തത നേടാനാകുമെന്ന് കരുതി. അവൾ പൂർണ സമ്മതത്തോടെയാണ് പോയത്. അറസ്റ്റിലായ സുഖ്മാൻ മാണ്ഡവിയെയും കുടുക്കിയതാണ്. സഹോദരിമാരെ മാണ്ഡവിക്കൊപ്പമാണ് അയച്ചതെന്നും അവർ പറഞ്ഞു.