ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം ഉയരണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.
ഇരുവരെയും ജയിലിൽ അടച്ചതിനെ ന്യായീകരിച്ചുകൊണ്ടുള്ള ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നതാണെന്നും ജയിലിലായത് ഇന്ത്യയുടെ ഭരണഘടന തന്നെയാണെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രി മുഹമ്മദ് റിയാസ് രൂക്ഷമായി വിമർശിച്ചു. 2014ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ക്രിസ്ത്യൻ മതപുരോഹിതർക്ക് നേരെയും ന്യൂനപക്ഷങ്ങൾക്ക് നേരെയും ആക്രമണം വർധിക്കുകയാണ്. നരേന്ദ്ര മോദിയല്ല, നരേന്ദ്ര ‘ഭീതി’യാണ് ഇന്ത്യ ഭരിക്കുന്നത്. കേക്ക് കൊടുത്ത് സന്ധിസംഭാഷണത്തിന് പോകുന്നവരുടെ അടിസ്ഥാനഗ്രന്ഥത്തിൽ ആരൊക്കെയാണ് ശത്രുക്കൾ എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തിൽ നടക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.