കൊയിലാണ്ടിയിൽ ഒന്‍പതുവയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതിയ്ക്ക് അഞ്ചുവര്‍ഷം കഠിനതടവും പതിനേഴായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പുതുപ്പാടി എലോക്കര കുന്നുമ്മല്‍വീട്ടില്‍ മുസ്തഫ(52)യെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി നൗഷാദലി കെ. പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും ശിക്ഷിച്ചത്.
2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ മറ്റാരുമില്ലാത്തസമയത്ത് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. പിന്നീട് സ്‌കൂളില്‍ പോക്‌സോനിയമത്തെ സംബന്ധിച്ച് ക്ലാസ് കേട്ടതിനുശേഷം കുട്ടി രക്ഷിതാക്കളോട് കാര്യം പറയുകയും തുടർന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു.
അതേസമയം പ്രതി സമാനസ്വഭാവമുള്ള രണ്ടുകേസില്‍ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സമാനസ്വഭാവമുള്ള രണ്ടുകേസില്‍ വിചാരണനേരിടുന്നുമുണ്ട്. താമരശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ വി.കെ. റസാഖാണ് അന്വേഷിച്ചത്. പ്രോസീക്യൂഷനുവേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി.