തൃശൂർ: കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ), ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി (ബിഒടി) വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങുകൾ നടത്തി. കേരളത്തിൽ ഒക്യുപേഷണൽ തെറാപ്പി ഡിഗ്രി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്ഥാപനമെന്ന നിലയിൽ നിപ്മറിന് ഇത് സുപ്രധാന നേട്ടമാണ്.
ബിഒടി ഡിഗ്രി കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ മുഴുവൻ പേർക്കും രാജ്യത്തെ പ്രമുഖ തെറാപ്യൂട്ടിക് സ്ഥാപനങ്ങളിൽ ജോലി ലഭിച്ചതായി നിപ്മർ എക്സിക്യുട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു. രണ്ടു വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായുള്ള അവസരവും ലഭിച്ചു. ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ മുംബൈ, എസ് വി നിർതാർ, കട്ടക്ക് എന്നിവിടങ്ങളിലാണ് അവസരം ലഭിച്ചത്.
കോഴ്സ് പൂർത്തിയാക്കിയ 16 വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിൻ്റെ ഗ്രാജുവേഷൻ സെറിമണി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കായുള്ള ചികിത്സാ സൗകര്യങ്ങളും പഠന സൗകര്യങ്ങളും വിപുലപ്പെടുത്തുമെന്ന് മന്ത്രി പ്രസ്താവിച്ചു.
തൃശൂർ കാസിനോ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഓൾ ഇന്ത്യാ ഒക്കുപ്പേഷണൽ തെറാപ്പിസ്റ്സ് അസോസിയേഷൻ സെക്രട്ടറിയും , കൊച്ചി പ്രയത്‌ന സ്ഥാപകനുമായ ഡോ. ജോസഫ് സണ്ണി അധ്യക്ഷത വഹിച്ചു. ആരോഗ്യ സർവകലാശാല ഡീൻ ഡോ. കെ.എസ്. ഷാജി മുഖ്യപ്രഭാഷണം നടത്തി. നിപ്മർ അക്കാഡമിക് സ്പെഷ്യൽ ഓഫീസർ ഡോ. വിജയലക്ഷ്മി ആശംസകൾ അർപ്പിച്ചു. സി. ചന്ദ്രബാബു സ്വാഗതവും അന്നാ ഡാനിയേൽ നന്ദിയും പറഞ്ഞു. പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്ക് നിപ്മർ സ്ഥാപകൻ എൻ. കെ. ജോർജ്ന്റെ പേരിൽ ഏർപ്പെടുത്തിയ എൻഡവ്മെന്റ് മെഡലുകളും ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. കേരളത്തിൽ ആദ്യമായി ഒക്യുപ്പേഷണൽ തെറാപ്പി ഡിഗ്രി പ്രോഗ്രാം ആരംഭിച്ച സ്ഥാപനമാണ് നിപ്മർ.