പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമാണ് യൂട്ടാ. രാജ്യാന്തര ഡാർക്ക് സ്കൈ പദവി നേടിയ നാട് കൂടിയാണ് യൂട്ടാ. അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സംസ്ഥാനം ഹൈക്കിംഗ്, ബൈക്കിംഗ്, റോക്ക് ക്ലൈംബിംഗ്, സ്കീയിംഗ് തുടങ്ങിയ സാഹസിക പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ്.
യൂട്ടായുടെ മനോഹര പട്ടണങ്ങളായ —മിഡ്‌വേ, ബ്ലഫ്, ഹെൽപ്പർ, കാനാബ്, ടോറി— പ്രകൃതി സൗന്ദര്യം, ചരിത്രം, കല, സാഹസിക വിനോദങ്ങൾ എന്നിവയുമായാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. ചുവന്ന പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതി, ആൽപൈൻ താഴ്‌വര, വളഞ്ഞുപുളഞ്ഞ പാതകൾ…എന്നിവയ്ക്കു മധ്യത്തിൽ സ്ഥിതിചെയ്യുന്ന യൂട്ടായുടെ ചെറിയ പട്ടണങ്ങൾ, യാത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മായില്ല.
മിഡ്‌വേ
മനോഹരമായ ഹെബർ താഴ്വരയിൽ സ്ഥിതിചെയ്യുന്ന മിഡ്‌വേ, അതിന്റെ ആൽപൈൻ കാഴ്ചകളാലും സ്വിസ് പാരമ്പര്യത്താലും ഹൃദയങ്ങളെ കീഴടക്കുന്നു. ഹോംസ്റ്റെഡ് ക്രെയ്റ്റർ ചൂടുനീരുറവകളും പൈതൃക സ്ഥലങ്ങളും ശൈത്യകാല കായിക വിനോദങ്ങളും ഇവിടെ ആസ്വദിക്കാം. വാർഷിക സ്വിസ് ഡേയ്‌സ് ഫെസ്റ്റിവലിൽ (ആഗസ്റ്റ് 30-31) ഈ പട്ടണം സജീവമാകും.
ബ്ലഫ്
ട്രെയിൽ ഓഫ് ദി ഏൻഷ്യന്റസ് സീനിക് ബൈവേയിൽ സ്ഥിതിചെയ്യുന്ന ബ്ലഫ്, തദ്ദേശീയ അമേരിക്കൻ ചരിത്രവുമായും മരുഭൂമി സൗന്ദര്യവും ഇവിടെ ആസ്വദിക്കാം. മോണ്യുമെന്റ് വാലി, ബെയർസ് ഇയേഴ്സ് നാഷണൽ മോണ്യുമെന്റ് തുടങ്ങിയ പ്രശസ്തമായ ആകർഷണങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ഇത്. പ്രാദേശിക കല, കഥപറച്ചിൽ എന്നിവയിൽ താല്പര്യമുള്ള സന്ദർശകർക്ക് ബ്ലഫ് ആർട്ട്സ് ഫെസ്റ്റിവൽ (ഒക്ടോബർ 17-20) സമയത്ത് സന്ദർശിക്കാം.
ഹെൽപ്പർ
ഒരുകാലത്ത് ഒരു ഖനന നഗരമായിരുന്ന ഹെൽപ്പർ, ആർട്ട് ഗാലറികൾ, സംഗീത വേദികൾ, ഊർജ്ജസ്വലമായ തെരുവ് ചുവർച്ചിത്രങ്ങൾ എന്നിവയുള്ള ഒരു സർഗാത്മക കേന്ദ്രമായി രൂപാന്തരപ്പെട്ടിരിക്കുന്നു—ഇത് ഇന്ത്യൻ മില്ലേനിയലുകളെയും കലാകാരന്മാരെയും ആകർഷിക്കുന്നയിടമാണ്. ഹെൽപ്പർ ആർട്ട്‌സ്, മ്യൂസിക് & ഫിലിം ഫെസ്റ്റിവൽ (ആഗസ്റ്റ് 15-18) സമയത്താണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. രാജ്യാന്തര ഡാർക്ക് സ്കൈ പദവി കാരണം, നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നവർക്കും ആസ്‌ട്രോ ഫൊട്ടോഗ്രാഫർമാർക്കും വ്യത്യസ്തമായ യാത്രാനുഭവമാകും ഇവിടേക്കുള്ള യാത്ര.
കാനാബ്
പാശ്ചാത്യ സിനിമകളാലും നാടകീയമായ ഭൂപ്രകൃതികളാലും ആകർഷിക്കപ്പെട്ട ഇന്ത്യൻ സഞ്ചാരികൾക്ക്, കാനാബ് ഈ രണ്ടു കാഴ്ചകളും സമ്മാനിക്കും. “ലിറ്റിൽ ഹോളിവുഡ്” എന്നറിയപ്പെടുന്ന കാനാബ്, വെസ്റ്റേൺ ലെജൻഡ്സ് ഹെറിറ്റേജ് & മ്യൂസിക് ഫെസ്റ്റിവൽ (ആഗസ്റ്റ് 22-24) സമയത്ത് സിനിമാറ്റിക് വേരുകൾ പുനരുജ്ജീവിപ്പിക്കുന്നു—തീം അടിസ്ഥാനമാക്കിയുള്ള യാത്രാപദ്ധതികളിൽ ഇത് തീർച്ചയായും ഉൾപ്പെടുത്തേണ്ടതാണ്.
ടോറി
അമേരിക്കയിലെ ഏറ്റവും മനോഹരമായ ഡ്രൈവുകളിലൊന്നായ സീനിക് ബൈവേ 12-ന് സമീപം, കാപ്പിറ്റോൾ റീഫ് നാഷണൽ പാർക്കിന്റെ പ്രവേശന കവാടമാണിത്. യൂട്ടായുടെ ആദ്യത്തെ രാജ്യാന്തര ഡാർക്ക് സ്കൈ കമ്മ്യൂണിറ്റിയായി അംഗീകരിക്കപ്പെട്ട ടോറി, ഹെറിറ്റേജ് സ്റ്റാർഫെസ്റ്റിന് (സെപ്റ്റംബർ 27-28) ആതിഥേയത്വം വഹിക്കുന്നു—രാത്രി ആകാശത്തെ സ്നേഹിക്കുന്നവർക്കും, ആസ്ട്രോ-ടൂറിസം പ്ലാനർമാർക്കും അനുയോജ്യമായ ഒരു ആകാശ ആഘോഷമാണിത്.