പി.എം കുസും പദ്ധതികളുമായി ബന്ധപ്പെട്ട് അനര്‍ട്ട് നടത്തിയ അഴിമതികള്‍ അന്വേഷിക്കണമെന്നും അഴിമതിക്കാരനായ സിഇഒയെ നീക്കം ചെയ്യണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം ലോ കോളജ് ജംഗ്ഷനിലുള്ള അനര്‍ട്ട് ഓഫീസ് ഉപരോധിച്ചു. കര്‍ഷകര്‍ക്ക് സൗജന്യമായി സോളാര്‍ പമ്പ് സ്ഥാപിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയില്‍ 100 കോടിയോളം രൂപയുടെ അഴിമതി നടന്നതിന്റെ അടിസ്ഥാനത്തില്‍ സിഇഒയെ പുറത്താക്കി അന്വേഷണം നടത്തണമെന്നാവശ്യവുമായിട്ടായിരുന്നു ഉപരോധം.
ഏതാണ്ട് പത്തരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനര്‍ട്ട് ആസ്ഥാനത്തേക്ക് ഇരച്ചു കയറിയത്. കതക് തള്ളിത്തുറന്ന് അകത്തു കയറിയ സമരക്കാര്‍ അവിടെയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പോലീസ് സംഘമെത്തി സമരക്കാരെ നീക്കി. അനര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി സമരക്കാരുടെ കണ്ണില്‍പെടാതെ ശുചിമുറിയില്‍ കയറി ഒളിച്ചിരുന്നു.
അനര്‍ട്ടില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതിന്റെ തെളിവുകള്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പുറത്തു വിട്ടിരുന്നു. ഈ അഴിമതിയില്‍ വൈദ്യുത മന്ത്രിക്കു പങ്കുണ്ട് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത്രയേറെ തെളിവുകള്‍ പുറത്തു വന്നിട്ടും അനര്‍ട്ടിന്റെ സിഇഒയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വൈദ്യുത മന്ത്രി തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് അനര്‍ട്ട് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് സമരക്കാര്‍ എത്തിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ രജിത്ത് രവീന്ദ്രൻ, അഫ്സൽ,ജില്ലാ വൈസ് പ്രസിഡന്റ്‌സുൽഫി ബാലരാമപുരം ജില്ലാ സെക്രട്ടറി ഗോകുൽ ശങ്കർ, രഞ്ജിത് അമ്പലമുക്ക്,അർജുൻ മണ്ണന്തല, ഡോ വിപിൻ കുന്നുകുഴി, അനന്തു എൽ എസ് മണ്ഡലം പ്രസിഡന്റ്റുമാരായ പട്ടം വിഷ്ണു, ചന്ദ്രലേഖ,രഞ്ജിത്ത് കുന്നുകുഴി, KSU ജില്ലാ ജനറൽ സെക്രട്ടറി അഖിൽ വട്ടിയൂർകാവ് അനന്ദുകൃഷ്ണൻ, ഗോകുൽ മണികണ്ടശ്വരം എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.
CONTENT HIGH LIGHTS: Youth Congress blockades Anart office demanding investigation into Anart scams. Barges into CEO’s room