ആക്ഷൻ ഹീറോ ബിജു-2 എന്ന ചിത്രത്തിന്റെ അവകാശം വ്യാജ ഒപ്പ് ഉപയോഗിച്ച് സ്വന്തമാക്കിയെന്ന നിവിൻ പോളിയുടെ പരാതി വ്യാജമെന്ന് നിർമാതാവ് പി.എസ്. ഷംനാസ്. വഞ്ചനാക്കുറ്റത്തിന് താൻ നിവിൻ പോളിക്കെതിരെ കേസ് കൊടുത്തതുകൊണ്ടാണ് തനിക്കെതിരെ താരം വ്യാജ പരാതി നൽകിയിരിക്കുന്നതെന്നാണ് ഷംനാസ് പറയുന്നത്.
കേരള ഫിലിം ചേംബറിൽ വ്യാജ കത്ത് നൽകിയെന്നാണ് നിവിൻ പോളി ആരോപിക്കുന്നത്. എന്നാൽ താൻ അങ്ങനെയൊന്ന് കൊടുത്തിട്ടില്ല. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന്റെ അവകാശം ഷിബു തെക്കുംപുറം എന്ന് പറയുന്ന വ്യക്തിക്കായിരുന്നു. അദ്ദേഹം ഇത് എബ്രിഡ് ഷൈൻ പ്രൊഡക്ഷൻസിനാണ് കൊടുത്തത്. അവരിൽ നിന്നുമാണ് ഇന്ത്യൻ മൂവി മേക്കേഴ്സ് എന്ന തന്റെ കമ്പനിയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. അതിന്റെ പേപ്പറുകളെല്ലാം കേരള ഫിലിം ചേംബറിൽ കൊടുത്തിട്ടുണ്ട്. ഇതിന്റ അടിസ്ഥാനത്തിലാണ് ചേംബറിൽ സിനിമ തന്റെ പേരിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് രജിസ്റ്റർ ചെയ്യുന്നതിനായി നിവിൻ പോളിയുടെയോ പോളി ജൂനിയറിന്റെയോ യാതൊരു ലെറ്ററുകളുടേയും ആവശ്യമില്ലമെന്നും പി എസ് ഷംനാസ് പറഞ്ഞു.
നിവിൻ പോളി ഈ സിനിമക്ക് അഭിനയിക്കാൻ തയാറാണെന്ന് വ്യക്തമാക്കുന്ന ഒരു ലെറ്റർ മാത്രമാണ് നൽകേണ്ടത്. അത് സാധാരണ എല്ലാ പ്രധാനപ്പെട്ട താരങ്ങളും നൽകുന്നതാണ്. ഇത് പ്രകാരം നിവിൻ പോളി ഏപ്രിൽ 14മുതൽ ഇന്ത്യൻ മൂവി മേക്കേഴ്സ് എന്ന കമ്പനിയുടെ ഭാഗമായിട്ടുള്ള ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ടെന്നും ഷംനാസ് വ്യക്തമാക്കുന്നു.
ആക്ഷന്‍ ഹീറോ ബിജു- 2 ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഇതിനെതിരെയാണ് താരം നിയമനടപടിയുമായി മുന്നോട്ട് പോയത്. അതേസമയം നടൻ നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്റെ സഹനിർമാതാവുകൂടിയായ ഷംനാസ് നിവിൻ പോളി, എബ്രിഡ് എന്നിവർക്കെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. പരാതി പ്രകാരം ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിനായി തലയോലപ്പറമ്പ് പോലീസ് ഇരുവർക്കും നോട്ടീസും അയച്ചിരുന്നു.
STORY HIGHLIGHT: nivin pauly shamnas action hero biju 2 case