സംസ്ഥാനത്തിന്റെ ശാസ്ത്ര, ഗവേഷണ, വികസന മേഖലകളിലെ നേട്ടങ്ങളെയും സാധ്യതകളെയും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഗവേഷണ, വികസന ഉച്ചകോടി സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി ഇത്തരത്തിലൊരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ സംഘടിപ്പിക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഗവേഷണ, വ്യവസായ, നയ രൂപീകരണ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഗവേഷണ വികസന സ്ഥാപനങ്ങളില്‍ നിന്നുള്ള വിപ്ലവകരമായ ഗവേഷണ ഫലങ്ങളെ യഥാര്‍ത്ഥ വിപണി ആവശ്യങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഗവേഷണ, വികസന മേഖലയിലെ നൂതനാശയങ്ങളില്‍ നിന്ന് സാമൂഹിക വെല്ലുവിളികള്‍ പരിഹരിക്കാനുതകുന്ന ആശയങ്ങളെ കണ്ടെത്താനും ഉച്ചകോടി ലക്ഷ്യമിടുന്നു. ഗവേഷണ, വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളെയും നിക്ഷേപകരേയും ഒരേ വേദിയില്‍ കൊണ്ടുവരാന്‍ ഉച്ചകോടിയിലൂടെ സാധിക്കുമെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‌സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീര്‍ പറഞ്ഞു.
ഗവേഷണങ്ങള്‍ പ്രായോഗികവും, ഫലപ്രദവുമാക്കുന്നതിലാണ് ഉച്ചകോടി ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും, ഗവേഷകരുടെ ആശയങ്ങള്‍ ലാബില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്കും, പിന്നെ ഉപയോക്താക്കളിലേക്കും എത്തിക്കുന്നതിനുള്ള വേദികൂടിയാണ് ഉച്ചകോടിയെന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‌സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എ. സാബു അഭിപ്രായപ്പെട്ടു.
പ്രമുഖ സ്ഥാപനങ്ങളുടെ ഗവേഷണങ്ങളുടെ പ്രസന്റേഷനുകളും വ്യവസായ പ്രതിനിധികൾ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന ‘റിവേഴ്സ് പിച്ചിങ്’ സെഷനുകളും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേരള സ്റ്റാര്ട്ടപ് മിഷന്, KSIDC, വ്യവസായ ഡയറക്ടറേറ്റ്, സർവ്വകലാശാലകൾ, ഇന്ക്യൂബേറ്ററുകള്, MSME സംരംഭങ്ങള്, നിക്ഷേപകർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.