Movie News

സഞ്ജയ് കപൂറിന്റെ 30000 കോടിക്കായി തർക്കം തുടരുന്നു; കരിഷ്മയും രം​ഗത്ത്!!

കഴിഞ്ഞ ജൂണിലാണ് സോന കോംസ്റ്റാറിന്റെ ചെയർമാനും വ്യവസായിയും ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ അന്തരിച്ചത്. ഇംഗ്ലണ്ടിലെ ഗാര്‍ഡ്‌സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ 53 വയസ്സുകാരനായ സഞ്ജയ് ഒരു തേനീച്ചയെ വിഴുങ്ങുകയായിരുന്നു. തൊണ്ടയില്‍ തേനീച്ചയുടെ കുത്തേറ്റ സഞ്ജയിനു ശ്വാസതടസം അനുഭവപ്പെടുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.മരണത്തിനു പിന്നാലെ സഞ്ജയ് കപൂറിന്റെ പേരിലുള്ള സ്വത്തിന്റെ അവകാശത്തിനു വേണ്ടിയുള്ള തർക്കം മുറുകുന്നു എന്ന് റിപ്പോർട്ട്. സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തില്‍ മുൻഭാര്യയായ കരിഷ്മ കപൂറും അവകാശം ഉന്നയിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സഞ്ജയുടെ മരണത്തിനു പിന്നാലെ തീര്‍ത്തും രഹസ്യമായി ചില രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും ചിലരുടെ കാരുണ്യത്തില്‍ ജീവിക്കേണ്ടി വന്നുവെന്നും ആരോപിച്ച് സഞ്ജയ്‌യുടെ അമ്മ റാണി കപൂറാണ് ആദ്യം രംഗത്തെത്തിയത്.
സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 2703-ാം സ്ഥാനത്തും സഞ്ജയ് കപൂർ എത്തിയിരുന്നു. സഞ്ജയിന്റെ കമ്പനിയുടെ മൂല്യം 40,000 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കാർ കമ്പനികളിൽ ഏഴെണ്ണത്തിനും വേണ്ടി ഓട്ടോമൊബൈൽ ഭാഗങ്ങൾ നിർമ്മിച്ചത് സഞ്ജയുടെ കമ്പനിയാണ്, കൂടാതെ ഇലക്ട്രിക് വാഹന വിപ്ലവത്തിലെ ശ്രദ്ധേയ നേതാവായി സഞ്ജയ് അറിയപ്പെട്ടിരുന്നു. ഇന്ത്യ, ചൈന, മെക്സിക്കോ, സെർബിയ, യുഎസ് എന്നിവയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിൽ കമ്പനിയ്ക്ക് ഫാക്ടറികളുണ്ട്.
മുൻപ് ഡിസൈനർ നന്ദിത മഹ്താനിയെ സഞ്ജയ് വിവാഹം ചെയ്തിരുന്നു. 2003ൽ സഞ്ജയ് കരിഷ്മ കപൂറിനെ വിവാഹം ചെയ്തു. എന്നാൽ ആ വിവാഹവും വൈകാതെ പിരിഞ്ഞു. 2016ൽ കരിഷ്മയും സഞ്ജയും ഔദ്യോഗികമായി വിവാഹമോചനം നേടി. സമൈറ, കിയാൻ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. 2016 ൽ കരിഷ്മയും സഞ്ജയും വിവാഹമോചനം നേടിയ ശേഷം, മുൻ മോഡൽ പ്രിയ സച്ച്ദേവിനെ സഞ്ജയ് വിവാഹം കഴിച്ചു. അസറിയാസ് എന്നൊരു മകനാണ് പ്രിയ- സഞ്ജയ് ദമ്പതികൾക്കുള്ളത്. പ്രിയയുടെ മുൻ വിവാഹത്തിൽ നിന്നുള്ള മകൾ സഫീറ ചത്‌വാളിനെയും സഞ്ജയ് കപൂർ ദത്തെടുക്കുകയായിരുന്നു.