ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് നൈസാര്‍ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്‍റെ വിക്ഷേപണത്തിനുള്ള അവസാന തയ്യാറെടുപ്പുകളില്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് എന്‍ ഐ സാര്‍ കുതിച്ചുയരുക ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നാളെ ഇന്ത്യൻ സമയം വൈകുന്നേരം 5:40നാണ് നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ അഥവാ നിസാർ ഉപഗ്രഹം വിക്ഷേപിക്കുക. ഏത് കാലാവസ്ഥയിലും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സൂക്ഷ്‌മമായ ഭൗമ നിരീക്ഷണം സാധ്യമാക്കാൻ ഉപഗ്രഹത്തിന് കഴിയും.
ഭൂമിയിലെ ചെറിയ കാര്യങ്ങളെ പോലും സൂക്ഷ്‌മമായി നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം നിസാർ ഉപഗ്രഹത്തെ 743 കിലോമീറ്റർ അകലെ 98.40 ചരിവുള്ള സൂര്യ-സിൻക്രണസ് ഭ്രമണപഥത്തിലേക്ക് (എസ്‌എസ്‌ഒ) കടത്തിവിടും. ഉരുൾപൊട്ടൽ, കാട്ടുതീ, വെള്ളപ്പൊക്കം, ഭൂകമ്പം, മഞ്ഞുരുകൽ, അഗ്നിപർവത സ്‌ഫോടനം എന്നിവ മുതൽ ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും അറിയാനും അവയെക്കുറിച്ച് പഠിക്കാനും നിസാർ വഴി സാധിക്കും.
ഇതുവഴി പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളെ നിർണയിക്കാനും ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളെ നിരീക്ഷിക്കാനും ഉപഗ്രഹത്തിന് കഴിയും. മാത്രമല്ല, നിസാർ ഉപഗ്രഹത്തിലെ വിവരങ്ങൾ പിന്നീടും ഉപകാരപ്പെടും. രാത്രിയായാലും, പകലായാലും, മേഘാവൃതമായ കാലാവസ്ഥയാണെന്നാൽ പോലും കൃത്യമായ ഡാറ്റകൾ രേഖപ്പെടുത്താൻ നിസാറിലെ റഡാറുകൾക്ക് സാധിക്കും.
12 ദിവസം കൊണ്ട് ഭൂമിയെ പരിക്രമണം ചെയ്യാനാകുന്ന നിസാർ ഉപഗ്രഹം, ഓരോ 12 ദിവസത്തിലും ഭൂമിയുടെ കരയുടെയും മഞ്ഞുപാളികളുടെയും വിവരങ്ങൾ തരും. പ്രകൃതി ദുരന്തം, കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥ എന്നിവയെ കുറിച്ച് പഠിക്കുന്നതിനും ഇത് വളരെ ഗുണം ചെയ്യും. ഇനി നിസാർ ദൗത്യത്തിന്‍റെ നാളത്തെ വിക്ഷേപണം എങ്ങനെ ലൈവായി കാണാമെന്ന് പരിശോധിക്കാം.
2,392 കിലോഗ്രാം ഭാരമുള്ള നിസാർ ഉപഗ്രഹം GSLV-F16 (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) റോക്കറ്റിലാണ് വിക്ഷേപിക്കുക. 2025 ജൂലൈ 30 ബുധനാഴ്‌ച ഇന്ത്യൻ സമയം വൈകുന്നേരം 5:40നാണ് വിക്ഷേപണം. ഇസ്രോയും നാസയും ചേർന്ന് നടത്തുന്ന ദൗത്യമായതിനാൽ തന്നെ രണ്ട് ബഹിരാകാശ ഏജൻസികളും ദൗത്യത്തിന്‍റെ വിക്ഷേപണം തത്സമയ സംപ്രേക്ഷണം ചെയ്യും. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണം ഇന്ത്യൻ സമയം വൈകുന്നേരം 4:30ന് ആരംഭിക്കും. നാസ പ്ലസിനൊപ്പം നാസയുടെ യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും സംപ്രേഷണം ചെയ്യും. ലൈവ് പ്രോഗ്രാം ഇവിടെ കാണാം.
അതേസമയം ഇന്ത്യൻ സമയം വൈകുന്നേരം 5:10 മുതലാണ് ഇസ്രോയുടെ ലൈവ് സ്‌ട്രീമിങ് ആരംഭിക്കുക. ഇസ്രോയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയായിരിക്കും ലൈവ് സ്‌ട്രീമിങ്. ലൈവ് പേജ് ചുവടെ നൽകിയിരിക്കുന്നു.
ഇസ്രോയും നാസയും ഏറ്റെടുത്ത ഏറ്റവും ചെലവേറിയ ഉപഗ്രഹ പദ്ധതിയാണ് നിസാർ. 1.5 ബില്യൺ ഡോളറാണ് ഇതിന്‍റെ ചെലവ്. നാസ നിർമിച്ച എൽ ബാൻഡ്, ഇസ്രോ നിർമിച്ച എസ് ബാൻഡ് എന്നിങ്ങനെ രണ്ട് ഫ്രീക്വൻസിയിലുള്ള ഒരു ജോഡി റഡാറുകളാണ് ഈ ഉപഗ്രഹത്തിലുള്ളത്. ഇവ ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലത്തെ മുഴുവനായും സ്‌കാൻ ചെയ്യാനാകും. ഡ്യുവൽ-ഫ്രീക്വൻസി റഡാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഭൗമ നിരീക്ഷണ ദൗത്യമാണിത്.
24 സെന്‍റീമീറ്റർ തരംഗദൈർഘ്യമുള്ളതാണ് നാസ വികസിപ്പിച്ച എൽ-ബാൻഡ്. ലാൻഡ്‌സ്കേപ്പ് ടോപ്പോഗ്രാഫിയിലും ഇടതൂർന്ന വനങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിലും ഇത് ഫലപ്രദമാണ്. 12 സെന്‍റീമീറ്റർ തരംഗദൈർഘ്യമുള്ളതാണ് ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത എസ്-ബാൻഡ്. ഇത് മണ്ണിലെ ഈർപ്പം, ചെറിയ സസ്യജാലങ്ങൾ ഉള്ള പ്രദേശങ്ങൾ, പ്രത്യേകിച്ച് അയണോസ്ഫെറിക് പ്രശ്‌നങ്ങൾ കുറവുള്ള ധ്രുവപ്രദേശങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിന് കൂടുതൽ അനുയോജ്യമാണ്. സെന്‍റീമീറ്ററിൽ രേഖപ്പെടുത്തുന്ന ഭൂമിയിലെ ചെറിയ മാറ്റങ്ങൾ പോലും അളക്കാൻ ഇതിന് കഴിയും.
നിസാറിന്‍റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കാനായാൽ ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാവും. അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിലും ഭൗമശാസ്ത്ര പുരോഗതിയിലും ആഗോളതലത്തിൽ വലിയ ശക്തിയാകാൻ ഇന്ത്യക്ക് ഇതുവഴി സാധിക്കും.