ഇന്ത്യയുടെ ഡിജിറ്റല്‍ മുഖമായ യുപിഐ അനുദിനം മാറികൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ യുപിഐ ഏറ്റെടുക്കാന്‍ ഇന്നു വിദേശ രാജ്യങ്ങള്‍ മുന്നോട്ടുവരുന്നു. ഇതിനിടെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്ന തിരക്കിലാണ് യുപിഐയുടെ നടത്തിപ്പു ചുമതലയുള്ള നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). ഇക്കൂട്ടത്തില്‍ വിപ്ലവമാകാന്‍ പോകുന്ന ഒരു അപ്‌ഡേറ്റാണ് ബയോമെട്രിക് ഓതന്റിക്കേഷന്‍ വഴിയുള്ള പണിമിടപാടുകള്‍. ഇതോടെ നിലവിലെ യുപിഐ പിന്‍ നമ്പര്‍ അപ്രസക്തമാകും.
ഫിംഗര്‍പ്രിന്റ്, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ പോലുള്ള ബയോമെട്രിക് പ്രാമാണീകരണം യുപിഐ ഇടപാടുകള്‍ക്ക് സജ്ജമാക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. ഇന്ന്് ബഹുഭൂരിപക്ഷം ഉപയോക്താക്കളുടെയും ഡിവൈസുകള്‍ (മൊബൈല്‍, ലാപ്‌ടോപ്) ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ കൊണ്ട് സജ്ജമാണ്. പല ബാങ്കളുകളുടെയും ആപ്പുകള്‍ പോലും ഇന്ന് ബയോമെട്രികില്‍ പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിലാണ് എന്‍പിസിഐയും യുചപിഐയില്‍ സമാന നീക്കത്തിന് കോപ്പുകൂട്ടുന്നതെന്നാണ് വിവരം.
ഇത്തരം നവീന സങ്കേതങ്ങള്‍ ഇടപാട് വേഗം വീണ്ടും വര്‍ധിപ്പിക്കുമെന്നു കരുതപ്പെടുന്നു. സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും, ഉപയോക്തൃ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും, പിന്‍ സംബന്ധമായ തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാനും പുതിയ ബയോമെട്രിക് നീക്കം സഹായിക്കും. യുപിഐ നിലവില്‍ രണ്ട്-ഘടക പ്രാമാണീകരണ സംവിധാനത്തെ (ആദ്യ ഘടകമായി ഉപകരണ ബൈന്‍ഡിംഗ്, രണ്ടാമത്തേതായി യുപിഐ പിന്‍) ആശ്രയിക്കുന്നു. ബയോമെട്രിക്സിന്റെ സംയോജനം യുപിഐയെ കൂടുതല്‍ ആകര്‍ഷകവും, ശക്തവുമാക്കും.
ബയോമെട്രിക് അധിഷ്ഠിത യുപിഐ പേയ്മെന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം. ഇത് ഇപ്പോള്‍ ഒരു നിര്‍ബന്ധിത നടപടി കൂടിയാണ്. യുപിഐയില്‍ ബയോമെട്രിക്‌സ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ പിന്‍ അപ്രസക്തമാകും. ഉപയോക്താക്കള്‍ക്ക് അവരുടെ വിരലടയാളം സ്‌കാന്‍ ചെയ്തോ, സ്മാര്‍ട്ട്ഫോണുകളിലെ ഫേഷ്യല്‍ സെന്‍സറുകള്‍ ഉപയോഗിച്ചോ ഇടപാടുകള്‍ പൂര്‍ത്തിയാക്കാം.
അതീവ സുരക്ഷ ഉറപ്പാക്കാം. പിന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാം. ഇത് വഞ്ചനയ്ക്കും അനധികൃത ആക്സസിനും ഉള്ള സാധ്യത കുറയ്ക്കുന്നു. പിന്‍ നമ്പറുകള്‍ ഓര്‍ത്തുവയ്‌ക്കേണ്ട ആവശ്യകതയും ഇ്ല്ലാതെയാകും. കൂടാതെ പുതിയ രീതി ഉപഭോക്താക്കള്‍ക്കും, വ്യാപാരികള്‍ക്കും സുഗമമായ ചെക്ക്ഔട്ട് അനുഭവം പ്രദാനം ചെയ്യും. ഡിജിറ്റല്‍ പേയ്മെന്റ് സ്വീകാര്യത കൂടുതല്‍ ത്വരിതപ്പെടാനും സാധ്യതയുണ്ട്.
പുതിയ നീക്കങ്ങള്‍ പ്രവര്‍ത്തികമാക്കുന്നതിനും, സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും, നടപ്പിലാക്കുന്നതിനുമായി വിവിധ സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി എന്‍പിസിഐ ചര്‍ച്ചകള്‍ നടത്തിവരികയാണ്. അടിസ്ഥാന സാങ്കേതികവിദ്യ ഇതിനകം ലഭ്യമാണ്. ഇത് യുപിഐയില്‍ ഉപയോഗിക്കുന്നതിനായി റെഗുലേറ്ററി പിന്തുണ ലഭിക്കേണ്ടതുണ്ട്. അതേസമയം ബയോമെട്രിക്‌സ് ഉള്‍പ്പെടുത്താല്‍ പിന്‍ പൂര്‍ണമായും ഒഴിവാക്കുന്നുവെന്ന് അര്‍ത്ഥമില്ല. പിന്‍ നമ്പറില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ടു പോകാം.