എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലാണ് ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ സീരിസ് പുറത്തിറക്കുന്നത്. സമാനമായി ഈ വർഷം സെപ്റ്റംബറിലും ഐഫോൺ സീരിസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. ഇനി വരാനിരിക്കുന്ന ഐഫോൺ 17 സീരിസ് തന്നെ കമ്പനി പുറത്തിറക്കിയേക്കാം.
നാല് മോഡലുകളുമായി ഐഫോൺ 17 സീരിസ് പുറത്തിറക്കാനാണ് സാധ്യത. ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയായിരിക്കാം ഈ സീരിസിൽ പുറത്തിറക്കിയേക്കാവുന്ന ഫോണുകൾ. ഐഫോണുകളിലെ മുൻ സീരിസുകളിലുള്ള പ്ലസ് മോഡലുകൾക്ക് പകരം ഇത്തവണ ‘ഐഫോൺ 17 എയർ’ എന്ന പേരിൽ മറ്റൊരു മോഡലാണ് കമ്പനി കൊണ്ടുവരുക. പുതിയ മോഡൽ വണ്ണം കുറഞ്ഞതായിരിക്കും.
ഐഫോൺ 17 എയർ പുതിയ മോഡലായതിനാൽ തന്നെ ശ്രദ്ധേയമായിരിക്കുമെങ്കിൽ പോലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മുൻനിര മോഡലുകളായ ഐഫോൺ 17 പ്രോയും, പ്രോ മാക്‌സും ആയിരിക്കും. കാരണം ഇവ രണ്ടിന്‍റെയും സാങ്കേതികവിദ്യയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനിക്ക് കഴിഞ്ഞേക്കും.