ഹോർമോൺ വ്യതിയാനങ്ങൾ, പോഷകാഹാരക്കുറവ്, മാനസിക സമ്മർദ്ദം, രോഗങ്ങൾ, മരുന്നുകളുടെ ഉപയോഗം എല്ലാം മുടികൊഴിച്ചിലിനു കാരണമാകാം. ഇന്ന് ആണുങ്ങളിലും പെണ്ണുകളിലും മുടികൊഴിച്ചിൽ കാണാറുണ്ട്. ദിവസവും ഏതാണ്ട് 50 മുതല്‍ 100 വരെ മുടി നാരുകൾ കൊഴിയുന്നത് സാധാരണമാണ്.
എന്നാൽ ഇത് അധികമാവുന്നത് അത്ര നന്നല്ല. മുടി കൊഴിയാനുള്ള കാരണങ്ങൾ എന്തൊക്കെ എന്ന് പോഷകാഹാര വിദഗ്ധയായ ലോവ്നീത് ബത്ര തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബയോട്ടിൻ പോലുള്ള സപ്ലിമെന്റുകൾ കഴിച്ചിട്ടും ചില എണ്ണകൾ തേച്ചിട്ടും മുടി കൊഴിച്ചിൽ കുറയാത്തിനു കാരണം എന്തൊക്കെയാവാം എന്ന് അവർ പറയുന്നു. മുടികൊഴിച്ചിൽ ഉള്ളവർ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറയുന്നു.
പ്രോട്ടീന്റെ അളവ് കുറയുന്നത്
ദിവസം 80 മുതൽ 100 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമുണ്ട് എന്നാൽ ഇത്രയും പ്രോട്ടീൻ നമ്മൾ കഴിക്കുന്നുണ്ടോ? തലമുടി നിർമിച്ചിരിക്കുന്നത് കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് പ്രോട്ടീൻ ലഭിച്ചില്ലെങ്കിൽ ശരീരം പ്രധാനപ്പെട്ട മറ്റ് പ്രവൃത്തികൾ ചെയ്യുകയും മുടി വളർച്ചയ്ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്യും.
ഹോർമോൺ അസന്തുലനം
തൈറോയ്ഡ് ഹോർമോൺ, കോർട്ടിസോളിന്റെയും ഈസ്ട്രജൻ, ആൻഡ്രൊജൻ തുടങ്ങിയവയുടെയും അളവ് എന്നിവ ആരോഗ്യത്തെ ബാധിക്കും. പ്രസവശേഷവും തൈറോയ്ഡ് പ്രശ്നങ്ങൾ മൂലവും മറ്റും ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകുന്നത് മുടികൊഴിച്ചിൽ കൂട്ടും.
ഉദരാരോഗ്യപ്രശ്നങ്ങൾ
ഉദരം പോഷകങ്ങളെ ശരിയായി ആഗിരണം ചെയ്യുന്നില്ലെങ്കിൽ സപ്ലിമെന്റുകൾ കഴിച്ചിട്ടും പ്രയോജനമുണ്ടാവില്ല. പോഷകങ്ങളുടെ ആഗിരണത്തിനും ഹോർമോൺ സന്തുലനത്തിനും ഉദരാരോഗ്യം പ്രധാനമാണ്.
കടുത്ത സമ്മർദം
കൂടിയ അളവിൽ സമ്മർദം അനുഭവിക്കുന്നവരിൽ മുടികൊഴിച്ചിൽ കൂടുകയും മുടി വളർച്ച സാവധാനത്തിലാവുകയും ചെയ്യും. മുടി കൊഴിച്ചിലിന്റെ കാര്യത്തിൽ നമ്മൾ എന്തു കഴിക്കുന്നു എന്നല്ല, നമ്മുടെ ശരീരം എന്ത് ആഗിരണം ചെയ്യുന്നു, ഫലപ്രദമായി എങ്ങനെ അതിനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എന്ന് ലോവ്നീത് ബത്ര പറയുന്നു.