വിയറ്റ്നാമീസ് ഇലക്‌ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് 2025-ൽ ഇന്ത്യൻ വാഹന വിപണിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.അവതരിപ്പിക്കുന്ന വാഹനങ്ങളുടെ ബുക്കിങ് നേരത്തെ ആരംഭിച്ച കമ്പനി രാജ്യത്തെ ആദ്യ ഷോറൂമും തുറന്നിരിക്കുകയാണ്. ഗുജറാത്തിലാണ് വിൻഫാസ്റ്റ് തങ്ങളുടെ ആദ്യത്തെ ഷോറൂം ആരംഭിച്ചത്.സൂറത്തിലെ പിപ്ലോഡ് മേഖലയിലാണ് വിൻഫാസ്റ്റ് ഇന്ത്യയുടെ ആദ്യ ഷോറൂം വന്നിരിക്കുന്നത്. വാഹനങ്ങളുടെ വിൽപനയ്ക്കും സർവീസിനും സൗകര്യമുള്ള രീതിക്ക് 3000 സ്ക്വയർഫീറ്റിലാണ് ഷോറൂം ഒരുങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ വിഎഫ്6, വിഎഫ്7 മോഡലുകളായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുക. ഇവ ഷോറൂമിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്.
ഈ മാസം 31നാണ് വിൻഫാസ്റ്റ് തങ്ങളുടെ നിർമാണ പ്ലാന്റ് ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് കമ്പനിയുടെ പ്ലാന്റ് ഒരുങ്ങുന്നത്. വർഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിർമാണം ആണ് ഈ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെയാണ് വിൻഫാസ്റ്റിന്റെ ഇവികൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.
വിഎഫ്6 മോഡലിന് 25 ലക്ഷം രൂപ മുതലും വിഎഫ്7 മോഡലിന് 50 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. എർത്ത്, വിൻഡ്, സ്കൈ എന്നീ മൂന്ന് വേരിയന്റുകളിലാണ് വിൻഫാസ്റ്റ് വിഎഫ്7 ലഭ്യമാകുന്നത്. മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് കമ്പനി വിൻഫാസ്റ്റ് വിഎഫ്7 പുറത്തിറക്കുന്നത്. സ്പെസിഫിക്കേഷനുകൾ ഇതുവരെ പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പേരിൽ നിന്നും സമീപനത്തിൽ നിന്നും വ്യത്യസ്ത ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി ഓരോ വേരിയന്റും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്.
അഞ്ചു സീറ്റർ ഇലക്ട്രിക് എസ് യു വി വിഭാഗത്തിലേക്കു വി എഫ് 7 ,വിഎഫ് 6 എന്നിവ എത്തുന്നത്. 4,238 എംഎം നീളം, 1,820 എംഎം വീതി, 1,594 എംഎം ഉയരം, കൂടാതെ 2,730mm നീളമുള്ള വീൽബേസുമാണ് വിഎഫ് 6ന് വരുന്നത്. രണ്ട് വേരിയന്റുകളിലാണ് വിഎഫ്7 വിൻഫാസ്റ്റ് വിദേശ വിപണികളിൽ അവതരിപ്പിച്ചത്. ഇക്കോ, പ്ലസ് എന്നിവയാണ് അവ.
കേരളത്തിലെ മൂന്ന് നഗരങ്ങളിലടക്കം രാജ്യത്ത് 27 പ്രധാന നഗരങ്ങളിലാകും ഡീലർഷിപ്പുകൾ ആരംഭിക്കുക. വാഹനങ്ങളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. 21,000 രൂപയാണ് ടോക്കൺ തുകയായി കൊടുക്കേണ്ടത്. VF7, VF6 ഇലക്ട്രിക് എസ്‌യുവികളുടെ ലോഞ്ച് ഓഗസ്റ്റ് മാസമാണ് നടക്കുക.