മോഹൻലാലിൻറെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ജപ്പാൻ. നേരത്തെ ചെറി വസന്തത്തിന്റെ സമയത്ത് നടനും ഭാര്യയും ജപ്പാൻ സന്ദർശിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും താരം ജപ്പാനിലാണ്. ജപ്പാനിലെ സപ്പോറോയിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സുഹൃത്തിന്റെ ഒപ്പമാണ് ഇത്തവണ ലാലേട്ടന്റെ യാത്ര.
ജപ്പാനിലെ അഞ്ചാമത്തെ വലിയ രാജ്യമായ ഹൊക്കെയ്ഡോയുടെ തലസ്ഥാനമാണ് സപ്പോറോ. ജപ്പാനിലെ പ്രധാന സിറ്റി കൂടിയാണിത്. 1857 ൽ ഇവിടത്തെ ജനസംഖ്യ എന്നു പറയുന്നത് വെറും 7 ആയിരുന്നു. 1972 ൽ വിന്റർ ഒളിംപിക്സ് നടന്നതോടു കൂടിയാണ് ഈ സ്ഥലം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. വർഷത്തിൽ നടക്കുന്ന സ്നോ ഫെസ്റ്റിവൽ പ്രധാനമാണ്. സപ്പോറയിൽ കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട്. അവിടെ പോയാൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടവ.
ഒഡോറി പാർക്ക്
ഇവിടെ വച്ചാണ് സ്നോ ഫെസ്റ്റിവൽ പോലുള്ളവ നടക്കാറുള്ളത്. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തുക. പാർക്കിന്റെ ഒരറ്റത്തായി ഒരു ടവർ സ്ഥിതി ചെയ്യുന്നുണ്ട്. പാർക്കിന്റെയും ചുറ്റുമുള്ള നഗരത്തിന്റെയും മനോഹരമായ കാഴ്ചകൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്. ടവറിന് 150 മീറ്റർ താഴെ ഉയരമുണ്ട്. ഒഡോറി സബ്വേ സ്റ്റേഷന്റെ തൊട്ടടുത്തായാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
സപ്പോറോ ബിയർ മ്യൂസിയം
ബിയറിന് വേണ്ടി മാത്രം സമർപ്പിച്ച ജപ്പാനിലെ ഒരേയൊരു മ്യൂസിയമാണിത്. ജപ്പാനിനെ ബിയറിന്റെ ചരിത്രവും അതുണ്ടാക്കുന്ന രീതിയുമെല്ലാം മ്യൂസിയത്തിൽ വന്നാൽ മനസ്സിലാക്കാം. ഏറെ പഴക്കവുമുണ്ട് മ്യൂസിയത്തിന്.
ഹിസ്റ്റോറിക് വില്ലേജ് ഓഫ് ഹൊക്കെയ്ഡോ
ഇതൊരു ഓപ്പൺ എയർ മ്യൂസിയമാണ്. ഹൊക്കെയ്ഡോയിൽ വികസനം നടന്നിരുന്ന കാലഘട്ടമായ 1868 നും 1926 നും ഇടയിൽ നിർമിച്ച ഏകദേശം 60 കെട്ടിടങ്ങൾക്കടുത്ത് ഇവിടെ കാണാനാകും. ഈ സ്ഥലത്തെ നാല് ഭാഗങ്ങളായാണ് തിരിച്ചിട്ടുള്ളത്. ടൗൺ, ഫിഷിങ് വില്ലേജ്, ഫാം വില്ലേജ്, മൗണ്ടെയിൻ വില്ലേജ് എന്നിങ്ങനെ. ഇവിടെ നിന്നും അടുത്തു തന്നെയായി ഹൊക്കെയ്ഡോ മ്യൂസിയവും ഉണ്ട്.
ജപ്പാനിൽ സന്ദർശിക്കാൻ പറ്റിയ മറ്റു സ്ഥലങ്ങൾ കൂടി നോക്കാം
ഒസാക്ക
നീണ്ട കാലത്തെ വ്യാപാരങ്ങളുടെ കഥ പറയുന്ന ജാപ്പനീസ് തുറമുഖ നഗരമാണ് ഒസാക്ക. ജപ്പാനിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധ ക്ഷേത്രങ്ങളിലൊന്നായ ഷിറ്റെന്നോ-ജിയും ഒസാക്ക കൊട്ടാരവും പുരാതന മ്യൂസിയങ്ങളും ഗാലറികളും വാർഷിക ഉത്സവങ്ങളുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ഒസാക്ക കൊട്ടാരത്തിനടുത്തുള്ള പ്രദേശത്ത് ചെറിവസന്തത്തിന്റെ കാഴ്ചകളും കാണാം.
ഹിരോസാക്കി
വാർഷിക ചെറി പുഷ്പോത്സവത്തിന് പേരുകേട്ട ഹിരോസാക്കി കാസിൽ പാർക്കിൽ 2,500 ലധികം ചെറി മരങ്ങളുണ്ട്. ഉദ്യാനത്തിന് മുഴുവൻ പിങ്ക് നിറം സമ്മാനിക്കുന്ന ആ വസന്തകാഴ്ച കാണാൻ സ്വദേശത്തു നിന്നും വിദേശത്തു നിന്നും ധാരാളം സഞ്ചാരികൾ എത്താറുണ്ട്.
വകാസ റെയിൽവേ
കൂഗെ, വകാസ സ്റ്റേഷനുകൾക്കിടയിൽ ഓടുന്ന ഈ 19 കിലോമീറ്റര്‍ റെയിൽവേ, 1930 ലാണ് തുറന്നത്. പഴയ രീതിയിലുള്ള വെയിറ്റിംഗ് റൂമും ബെഞ്ചുകളും ഉള്ള ഒരു തടി സ്റ്റേഷൻ ഹൗസും പഴയ ‘ആവിവണ്ടി’യുമെല്ലാം ഇപ്പോഴും കാണാം. പഴയ ഇരുമ്പ് പാളങ്ങളിലൂടെ ട്രെയിൻ കുതിക്കുമ്പോൾ, ചെറിവസന്തം വിടരുന്ന തോട്ടങ്ങളുടെ കാഴ്ച ആസ്വദിച്ചിരിക്കാം.
മിറ്റോകു പർവ്വതം
ടോട്ടോറിയിലെ മിസാസയിൽ സ്ഥിതിചെയ്യുന്ന മിറ്റോകു പർവതത്തിന് 900 മീറ്റർ ഉയരമുണ്ട്. മതപരമായ പ്രാധാന്യവും പ്രകൃതിസൗന്ദര്യവും ഉള്ള ഒരു സ്ഥലമായാണ് മിറ്റോകു പർവ്വതം പുരാതന കാലം മുതൽ അറിയപ്പെടുന്നത്. 1,300 വർഷത്തിലധികം കാലത്തെ ചരിത്രമുള്ള ഈ വിശുദ്ധ പർവ്വതത്തില്‍ സ്ഥിതിചെയ്യുന്ന സാൻബുത്സുജി ക്ഷേത്ര സമുച്ചയത്തിലേക്കുള്ള ഹൈക്കിങ് വളരെയേറെ സാഹസികത നിറഞ്ഞതാണ്. ഈ ക്ഷേത്രം ജപ്പാന്റെ ദേശീയ നിധികളില്‍ ഒന്നായാണ് കണക്കാക്കുന്നത്. പലവിധ മതങ്ങളുടെ കൂടിച്ചേരലായ ഷുഗെൻഡോയുടെ സ്ഥാപകനായ എൻ നോ ഗ്യോജ എന്ന സന്യാസിയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നു.