വയനാട്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്. ജൂലൈ 30 ഹൃദയഭൂമിയില്‍ ഇന്ന് രാവിലെ 10 ന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ഉച്ചയ്ക്ക് നടക്കുന്ന അനുസ്മരണ യോഗത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും.
പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജുലൈ 29ന് കിടന്നുറങ്ങിയ നൂറുകണക്കിനാളുകൾ ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതായി. വയനാട്ടിൽ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ജുലൈ 30ന് പുലർച്ചെ 1.40നാണ് ഉരുൾപൊട്ടലുണ്ടായത്. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ ഒലിച്ചുപോയി.
രാവിലെ 4.10ന് ചുരൽമലയിൽ രണ്ടാമത്തെ ഉരുൾപൊട്ടൽ. മുണ്ടക്കൈപ്പുഴ വഴിമാറി ഒഴുകിയുണ്ടായ വെള്ളപ്പൊക്കത്തിൽ പുഴയ്ക്കു കുറുകെയുണ്ടായിരുന്ന പാലം തകർന്നു. വെള്ളാർമല ജിവിഎച്ച്എസ്എസ് സ്കൂളിന്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. ഗതാഗതസംവിധാനങ്ങളെല്ലാം തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴയിലെത്തിയ മൃതദേഹങ്ങൾ കിലോമീറ്ററുകളോളം ഒഴുകിനടന്നു.
മുണ്ടക്കൈ ദുരന്തത്തിൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത് ചാലിയാറിൽ നിന്നായിരുന്നു. കുത്തിയൊലിച്ച് എത്തിയ ചാലിയാർ പുഴയിലും ഉൾവനത്തിലും ദിവസങ്ങളോളം നടത്തിയ തിരച്ചിലിൽ 253 മൃതദേഹങ്ങളാണ് ലഭിച്ചത്. ദുരന്തത്തിന്റെ ആഘാതം എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കിലോമീറ്ററുകൾക്കിപ്പുറം ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ മൃതദേഹങ്ങളും. ഇതെല്ലാം കഴിഞ്ഞിട്ട് ഒരാണ്ട് പിന്നിടുന്നു.