തിരുവനന്തപുരം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള മേലേഴത്ത് ജങ്ഷൻ അതുല്യഭവനിൽ ടി അതുല്യ ശേഖറിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിക്കും. പിന്നാലെ റീ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായാല്‍ മൃതദേഹം കൊല്ലത്തെ അതുല്യയുടെ വീട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ടോടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
ജൂലൈ19ന് പുലർച്ചെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ ഷാർജ പൊലീസിൽ പരാതി നൽകിയിരുന്നു. ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എന്‍ജിനിയറുമായ സതീഷിനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. അതുല്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് ഭർത്താവ് സതീഷിനെതിരെ കേരളത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.