ഗാസ: ഗാസയിൽ 662 ദിവസമായി തുടരുന്ന ഇസ്രയേൽ വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 60000 കടന്നു. 10 മണിക്കൂർ ഇടവേളയിലെ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നെങ്കിലും അരുംകൊല തുടരുകയാണ്. ആകെ 662 ദിവസം നീണ്ട സംഘർഷത്തിലാണ് പലസ്തീനിൽ മാത്രം ഇത്രയധികം പേർ കൊല്ലപ്പെട്ടത്. ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്.
2023 ഒക്‌ടോബർ ഏഴിനുശേഷം തുടരുന്ന ആക്രമണങ്ങളിൽ 145,870 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുനൂറിലേറെ പേരെ തടവിലാക്കി. പ്രതിദിനം ശരാശരി 90 പേർ വീതം കൊല്ലപ്പെട്ടു. കുഞ്ഞുങ്ങളടക്കം 147 പേർ പട്ടിണിമൂലമാണ് മരിച്ചത്. ജൂലൈയിൽ മാത്രം 39 കായികതാരങ്ങൾ കൊല്ലപ്പെട്ടു. പോഷകാഹാരക്കുറവുമൂലം ജൂലൈയിൽ മാത്രം 20000 കുട്ടികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഗാസയിൽ ഇപ്പോഴുള്ള മൂന്നിലൊന്ന് പേർക്കും ദിവസം ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ല.
സെപ്തംബറോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. അതോടെ ഗാസയിലെ മുഴുവൻ ജനവും കടുത്ത ഭക്ഷ്യക്ഷാമം നേരിടും. 5ലക്ഷത്തിലധികം പേർ കൊടും പട്ടിണിയിലേക്ക് തള്ളപ്പെടും. ഈ സാഹചര്യമൊഴിവാക്കാൻ സൈനിക നീക്കത്തിൽ നിന്നും അതിർത്തിയിലെ നിയന്ത്രണങ്ങളിൽ നിന്നും ഇസ്രയേലിനെ പിൻവലിപ്പിക്കാൻ ശ്രമിക്കുകയാണ് ലോകരാഷ്ട്രങ്ങൾ.
മൂന്ന് കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ രാത്രി എട്ട് വരെ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തെക്കൻ ഗാസയിലും അധിനിവേശ വെസ്റ്റ്‌ബാങ്ക് ഉൾപ്പെടെ മറ്റ് മേഖലകളിലും ഇസ്രയേൽ ശക്തമായ ആക്രമണം തുടരുകയാണ്. ഐക്യരാഷ്‌ട്ര സംഘടനയുടെ വിവിധ ഏജൻസികൾ നിരുപാധിക വെടിനിർത്തലിന് ആഹ്വാനം നൽകിയിട്ടുണ്ടെങ്കിലും ആക്രമണത്തിന് അറുതിയില്ല.