വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകൾ മാതൃകമ്പനിയായ മെറ്റ അവതരിപ്പിക്കാറുണ്ട്. വാട്സ്ആപ്പ് ഉപയോഗം എളുപ്പത്തിലും അതേസമയം സുരക്ഷിതത്വത്തോടെയും ആക്കി മാറ്റാനുള്ള പുതിയ പുതിയ മാറ്റങ്ങൾ മെറ്റാ ഇപ്പോഴും വരുത്താറുണ്ട്. അങ്ങനെ വാട്സ്ആപ്പിൽ വരൻ പോകുന്ന ഒരു പുതിയ ഫീച്ചറിനെക്കുറിച്ച് ഇപ്പോൾ വാബീറ്റഇൻഫോ (wabetainfo) റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
പ്രൊഫൈൽ ഫോട്ടോ ഫ്രം ഫെയ്സ്ബുക്ക് ഓർ ഇൻസ്റ്റഗ്രാം (Profile photo from Facebook or Instagram) എന്നാണ് വരാൻ പോകുന്ന ഫീച്ചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ ഇത് ഉപയോക്താക്കളുടെ പ്രൊഫൈൽ ചിത്രം അഥവാ ഡിപി (DP) മാറ്റുന്നതുമായി ബന്ധപ്പെട്ട ഫീച്ചർ ആണ്. ആൻഡ്രോയിഡിനുള്ള വാട്ട്‌സ്ആപ്പ് ബീറ്റ 2.25.18.14 അപ്‌ഡേറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ വാബീറ്റ ഇൻഫോയുടെ ലേഖനത്തിൽ പറയുന്നുണ്ട്. ഇതിൽ വാട്സ്ആപ്പ് പ്രൊഫൈൽ ഫോട്ടോ ഫ്രം ഫെയ്സ്ബുക്ക് ഓർ ഇൻസ്റ്റഗ്രാം ഫീച്ചർ അവതരിപ്പിക്കുന്നു എന്ന് പ്രതിപാദിക്കുന്നുണ്ട്. ഇത് പ്രകാരം വാട്സ്ആപ്പ് പ്രൊഫൈൽ ചിത്രം ഇനി വളരെ ഈസിയായി മാറ്റാം.
ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചിട്ടുള്ള ചിത്രങ്ങൾ വളരെ ലളതിമായ സ്റ്റെപ്പുകളിലൂടെ വാട്സ്ആപ്പ് ഡിപിയാക്കി മാറ്റാം. ഈ ഫീച്ചർ നിലവിൽ ബീറ്റ പതിപ്പിൽ പരീക്ഷിച്ചുവരികയാണ് എന്ന് വാബീറ്റഇൻഫോയുടെ റിപ്പോർട്ട് പറയുന്നു. ഈ ഫീച്ചർ ലഭ്യമാകുന്നതോടുകൂടി വാട്സ്ആപ്പിൽ പ്രൊഫൈൽ സെറ്റിങ്സിൽ പുതിയ ഓപ്ഷനുകൾ ലഭ്യമാകും.
പുതിയ ഫീച്ചർ വന്നതിന് ശേഷം പ്രൊഫൈൽ ഫോട്ടോകൾക്കായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ രണ്ട് പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്താനുള്ള ഓപ്ഷനും ലഭ്യമാകും. ഇത് നേരത്തേയുള്ളതിൽ നിന്ന് എളുപ്പത്തിൽ പ്രൊഫൈൽ ചിത്രം മാറ്റാൻ സഹായിക്കും. നിലവിൽ വാട്സ്ആപ്പ് ഡിപി മാറ്റണമെങ്കിൽ ക്യാമറ, ഗാലറി, അവതാർ, മെറ്റാ AI പോലുള്ള ഓപ്ഷനുകൾ മാത്രമാണ് ഉള്ളത്.
കൂടാതെ ഇപ്പോൾ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ ഉള്ള ഒരു ചിത്രം വാട്സ്ആപ്പ് ഡിപി ആക്കണമെങ്കിൽ അവ ആദ്യം ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷം തുടർന്ന് ഗാലറി വഴി അപ്ലോഡ് ചെയ്യേണ്ടതുണ്ട്. എന്നാൽ പുതിയ ഫീച്ചർ വരുന്നതോടെ ഫോണിൽ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ചിത്രങ്ങൾ വാട്സ്ആപ്പ് പ്രൈാഫൈൽ പിക് ആക്കാൻ സാധിക്കും.ഉപയോക്താക്കൾ തങ്ങളുടെ വാട്സ്ആപ്പുമായി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ലിങ്ക് ചെയ്തിട്ടുണ്ടാകണം. എങ്കിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ.
നിലവിൽ തങ്ങളുടെ പ്ലാറ്റ്ഫോമുകൾക്കുള്ളിൽ സ്റ്റോറികൾ ക്രോസ് ഷെയർ ചെയ്യാനും മറ്റും മെറ്റ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിന്റെ പുതിയൊരു അപ്ഡേഷനായി ഈ പ്രൊഫൈൽ പിക്ചർ ഫീച്ചറിനെ കണക്കാക്കാം. എല്ലാ ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ എപ്പോൾ അവതരിപ്പിക്കും എന്നത് സംബന്ധിച്ച് നിലവിൽ സൂചനകൾ ഒന്നുമില്ല. പക്ഷേ വരാനിരിക്കുന്ന അപ്‌ഡേറ്റുകളിലൊന്നിൽ ഇത് ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
content highlight: Whatsapp new feature