റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി, തുടർന്ന് റഷ്യൻ തീരത്തും പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു.
സെവേറോ-കുറിൽസ്ക് മേഖലയിൽ സുനാമി തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കി നഗരത്തിന് 126 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സുനാമി തിരകൾ എത്തി. അതേസമയം 2011-ലെ സുനാമിയിൽ തകർന്ന ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ മുൻകരുതലെന്ന നിലയിൽ ഒഴിപ്പിച്ചു.
അലാസ്ക, ഹവായ്, ഇന്തോനീഷ്യ, ഫിലിപ്പീൻസ്, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകുകയും തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ജൂലൈ 20-ന് റഷ്യയിൽ ഒരു മണിക്കൂറിനിടെ അഞ്ച് ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിരുന്നു.