തൃശൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കോണം വലിയകത്ത് നൗഫലിൻറെ ഭാര്യ ഫസീല(23)ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നൗഫലിനെ ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്.
അതേസമയം മരിക്കുന്നതിന് മുമ്പ് യുവതി മാതാവിന് അയച്ച വാട്സ്ആപ്പ് പുറത്തുവന്നിരുന്നു. ‘ഉമ്മ ഞാൻ മരിക്കുകയാണ്, അല്ലെങ്കിൽ ഇവർ കൊല്ലും’ എന്ന് മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. മർദനത്തിൽ തന്റെ കൈ ഒടിച്ചുവെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃമാതാവ് അസഭ്യം പറഞ്ഞതായും മാതാവിന് അയച്ച സന്ദേശത്തിൽ പറയുന്നു. ഗർഭിണിയായിരുന്ന ഫസീലയെ ഭർത്താവ് ചവിട്ടിയെന്നും കുറെ നാളായി ദേഹോപദ്രവം ഏൽപിച്ചെന്നും യുവതി വാട്സാപ്പ് സന്ദേശത്തിലൂടെ മാതാവിനെ അറിയിച്ചിരുന്നു. ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുകയും ഇതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം. ഭർത്താവ് നൗഫലിനെ ചോദ്യം ചെയ്ത് വരികയാണ്.