മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ രണ്ടു മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. കന്യാസ്ത്രീകള്‍ ജയിലില്‍ തന്നെ തുടരും. ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് സെഷൻസ് കോടതി അറിയിക്കുകയായിരുന്നു.
ജാമ്യാപേക്ഷ പരിഗണിക്കാതിരുന്ന സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇത്തരം കേസുകൾ പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിയോട് ചേർന്നുള്ള എൻഐഎ കോടതിയ്ക്കാണെന്ന് സെക്ഷൻസ് കോടതി വ്യക്തമാക്കി.
മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. സിസ്റ്റർ പ്രീതി മേരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. റായ്പൂർ അതിരൂപതയാണ് കോടതിയെ സമീപിച്ചത്. കോടതിക്ക് ജാമ്യം നൽകാൻ പരിമിതി ഉണ്ടെന്ന് ജഡ്ജി പറഞ്ഞു.കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നലെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
മൂന്ന് ആദിവാസി പെൺകുട്ടികളെ മതപരിവർത്തനത്തിനായി ആഗ്രയിലേക്ക് കൊണ്ടുപോകുന്നതായി ബജ്രംഗ്ദൾ അംഗം നൽകിയ പരാതിയിലായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.