ഒരു നാടിനെ തന്നെ ഇല്ലാതാക്കിയ ആ ഉരുളെടുക്കാത്ത ഓർമ്മകൾക്ക് ഒരു വർഷം തികയുകയാണ്. വീണ്ടും ഒരു ജൂലൈ 30 വന്നെത്തുമ്പോൾ അതിജീവനത്തിൻ്റെ പാതയിലാണ് വയനാട്ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഇരകൾ.ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്.പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജുലൈ 29ന് കിടന്നുറങ്ങിയ നൂറുകണക്കിനാളുകൾ ഇരുട്ടിവെളുക്കുമ്പോഴേക്കും ഇല്ലാതായി. വയനാട്ടിൽ രണ്ടുദിവസം തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ജുലൈ 29ന് പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ജുലൈ 30ന് പുലർച്ചെ 1.40നാണ് ഉരുൾപൊട്ടലുണ്ടായത്. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ഗ്രാമങ്ങൾ ഒലിച്ചുപോയി.24 മണിക്കൂറിനുള്ളിൽ 140 മില്ലിമീറ്ററിലധികം മഴയാണ് അന്ന് ഈ പ്രദേശങ്ങളിൽ പെയ്തതിരുന്നത്. 2024 ജൂലൈ 29-ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമറ്റം മേഖലയിൽ ആദ്യ മണ്ണിടിച്ചിലുണ്ടായത്. അർധരാത്രി 12-നും ഒന്നിനും ഇടയിൽ പുഞ്ചിരിമറ്റം, അട്ടമല, മുണ്ടക്കൈ, ചൂരൽമല മേഖലയിൽ അതിഭയാനകമായി നാശം വിതച്ച് ഉരുൾ അവശിഷ്ടങ്ങൾ ഒഴുകിയെത്തി. രണ്ട് മണിയോടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. അതിഭയാനക ശബ്ദത്തിനു പിന്നാലെ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ ഉറങ്ങിക്കിടന്നവരെ വിഴുങ്ങി. ഉണർന്നിരുന്നവർക്കും രക്ഷപ്പെടാൻ കഴിയാത്തത്ര ഭീകരമായിരുന്നു ആ ഒഴുക്ക്.
അതിജീവനത്തിൻ്റെ ഒരാണ്ട് പിന്നിടുമ്പോഴും പുനരധിവാസം യാഥാർത്ഥ്യമായിട്ടില്ലെന്നതാണ് സത്യം. ദുരന്തത്തിൽ കിടപ്പാടം നഷ്ടമായ 402 കുടുംബങ്ങളും ഇപ്പോഴും താത്കാലിക കെട്ടിടത്തിൽത്തന്നെയാണ്. പുനരധിവാസം എത്രയുംവേഗം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച സംസ്ഥാനസർക്കാരിന്, 1000 ചതുരശ്രമീറ്റർ വീട് നിർമിച്ചുനൽകാൻ ഒരുവർഷം പോരാതെവന്നു. ഇതുവരെ നിർമിച്ചുതീർന്ന വീടുകൾ ഇല്ലെന്നത് സത്യം. ദുരന്തത്തിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 772.11 കോടിരൂപ ലഭിച്ചെങ്കിലും ഇതുവരെ ചെലവഴിച്ചത് 91.74 കോടിരൂപമാത്രം.
ഉറ്റവരും ഉടയവരുമടക്കം സർവവും നഷ്ടപ്പെട്ട ആ കുടുംബങ്ങൾ ഇപ്പോഴും താത്കാലികകേന്ദ്രങ്ങളിൽ ‘അഭയാർഥികളാ’ണ്. സ്വന്തമായി ഒരു വീടിനായി അവർ കാത്തിരിപ്പ് തുടരുകയായിരുന്നു.
സാമ്പത്തിക സഹായത്തിലൂന്നിയായിരുന്നു കേന്ദ്രത്തിന്റെ വാഗ്ദാനങ്ങൾ. പണമില്ലാത്തതിന്റെപേരിൽ ഒന്നും മുടങ്ങില്ലെന്ന് ചൂരൽമലയുടെ ഇടറിയ മണ്ണിൽനിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും പലതും വാഗ്ദാനങ്ങൽ മാത്രമായി. വയനാടിനായി പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചിരുന്ന കേരളത്തിന് നയാപൈസപോലും സാമ്പത്തികസഹായം കേന്ദ്രത്തിൽനിന്ന് കിട്ടിയില്ല. കിട്ടിയത് 529 കോടിയുടെ വായ്പമാത്രം.