തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി., ഇന്ത്യയിലെ മുന്‍നിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സുമായി (ബിറ്റ്സ് പിലാനി) അക്കാദമിക – വ്യാവസായിക സഹകരണം ഉറപ്പിക്കുവാനായി ധാരണാപത്രം ഒപ്പുവച്ചു. യു.എസ്.ടി.യുടെ തിരുവനന്തപുരം കാമ്പസില്‍ വച്ച് കൈമാറ്റം ചെയ്ത ധാരണാപത്രം പ്രകാരം, നൂതനാശയങ്ങള്‍, കഴിവുകള്‍ പരിപോഷിപ്പിക്കല്‍, സംയുക്ത ഗവേഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനും, ഒപ്പം അക്കാദമിക മേഖലയിലെയും വ്യവസായ മേഖലയിലെയും ഇന്നത്തെ ആവശ്യപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിക്കുന്നതിനുമായുള്ള ബഹുമുഖ പങ്കാളിത്തമാണ് വിഭാവനം ചെയ്യുന്നത്.
ഫോട്ടോണിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, വിഎല്‍എസ്‌ഐ, ഹ്യൂമനോയിഡ് റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഡ്ടെക് തുടങ്ങിയ മുന്‍നിര ഗവേഷണത്തിലും സഹനിര്‍മിതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. സംയുക്ത ഗവേഷണ പരിപാടികളിലൂടെ പേറ്റന്റുകള്‍, പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് (പിഒസി) പ്രോജക്ടുകള്‍, വാണിജ്യവല്‍ക്കരണത്തിന് തയ്യാറായ ഉല്‍പ്പന്നങ്ങള്‍ എന്നിവ യുഎസ്ടിയുടെ എഞ്ചിനീയറിംഗ് വിദഗ്ധരുടെയും ബിറ്റ്സ് പിലാനിയുടെ അക്കാദമിക നേതൃത്വത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശത്താല്‍ വികസിപ്പിക്കും.
യുഎസ്ടിയില്‍ നിന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ്; എസ്വിപിയും ഗ്ലോബല്‍ എഞ്ചിനീയറിംഗ് മേധാവിയുമായ ഗില്‍റോയ് മാത്യു; തിരുവനന്തപുരം കേന്ദ്രം മേധാവി ശില്‍പ മേനോന്‍; ബിഎസ്ഇ-അപാക് സീനിയര്‍ ഡയറക്ടറും എച്ച്ആര്‍ മേധാവിയുമായ ശരത് രാജ്; അശോക് ജി നായര്‍, ഭാവേഷ് ശശിരാജന്‍, ദീപ്തി സുജാത, നികിത ബഹാദൂര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. ബിറ്റ്സ് പിലാനിയില്‍ നിന്നും ആര്‍ ആന്‍ഡ് ഐ ഡീന്‍ പ്രൊഫ. സങ്കേത് ഗോയല്‍, ക്രെസ്റ്റ് പ്രോഗ്രാം മാനേജര്‍ ഡോ. പ്രളോയ് മൊണ്ടല്‍ എന്നിവര്‍ പങ്കെടുത്തു.
‘ബിറ്റ്‌സ് പിലാനിയുമായുള്ള പങ്കാളിത്തം രണ്ട് നൂതനാശയ കേന്ദ്രങ്ങളെ ഒന്നിപ്പിക്കുന്നു, ഈ സഹകരണം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അര്‍ത്ഥവത്തായതും വ്യവസായവുമായി ഇണങ്ങിച്ചേരുന്നതുമായ നവീകരണത്തില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരു വേദി നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ യുഎസ് ടി സീനിയര്‍ വൈസ് പ്രസിഡന്റും എഞ്ചിനീയറിംഗ് ആഗോള മേധാവിയുമായ ഗില്‍റോയ് മാത്യു പറഞ്ഞു. ‘യുഎസ് ടി യില്‍ സെമികണ്ടക്ടര്‍ ഡിസൈന്‍, ഇന്റലിജന്റ് മൊബിലിറ്റി, എഐ അധിഷ്ഠിത ഡിജിറ്റല്‍ എഞ്ചിനീയറിംഗ് എന്നിവയിലുടനീളം ഞങ്ങള്‍ ആഴത്തിലുള്ള കഴിവുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ വൈദഗ്ധ്യം ഈ പങ്കാളിത്തത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. അത്യാധുനിക പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനേക്കാള്‍, ഈ ധാരണാപത്രം പ്രതിഭകളെ വളര്‍ത്തിയെടുക്കാനും, പുതു തലമുറയുടെ സാങ്കേതിക വിദ്യകളിലേക്ക് അവരെ തുറന്നുകാട്ടാനും, ഗവേഷണം യഥാര്‍ത്ഥ ലോക ഫലങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യാനും സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നീണ്ടു നില്‍ക്കുന്ന സ്വാധീനം ചെലുത്തുന്നതിന് അക്കാദമിക മേഖലയ്ക്കും വ്യവസായത്തിനും ഇടയില്‍ ശക്തമായ ഒരു പാലം നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”അക്കാദമിക മേഖലയും വ്യവസായവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ധാരണാപത്രം. യു എസ് ടിയുമായി സഹകരിക്കുക വഴി നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികളിലേക്കും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കും വിലപ്പെട്ട പരിചയം സിദ്ധിക്കും. ഈ പങ്കാളിത്തം നവീകരണത്തെ വളര്‍ത്തിയെടുക്കുക മാത്രമല്ല, നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പഠനാനുഭവം വര്‍ദ്ധിപ്പിക്കുകയും, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലയില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആവശ്യമായ കഴിവുകള്‍ക്കായി അവരെ സജ്ജമാക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” ബിറ്റ്സ് പിലാനിയിലെ ആര്‍ ആന്‍ഡ് ഐ ഡീന്‍ പ്രൊഫ. സങ്കേത് ഗോയല്‍ പറഞ്ഞു.
ഈ സഹകരണത്തിന്റെ ഭാഗമായി, വ്യവസായ പ്രശ്നങ്ങള്‍ക്കനുസൃതമായി ഗവേഷണ പരിപാടികള്‍ യു എസ് ടി സഹകരിച്ച് വികസിപ്പിക്കുകയും, സാങ്കേതിക മാര്‍ഗനിര്‍ദേശം നല്‍കുകയും, പ്രോട്ടോടൈപ്പിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്തമാക്കുകയും, നവീകരണ ഫലങ്ങളുടെ വാണിജ്യവല്‍ക്കരണത്തെ പിന്തുണയ്ക്കുകയും ചെയ്യും. സെമികണ്ടക്ടര്‍ ടെസ്റ്റിംഗ്, ഡാറ്റാധിഷ്ഠിത എഞ്ചിനീയറിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സുസ്ഥിര സാങ്കേതികവിദ്യകള്‍, എഐ-പവേര്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷനുകള്‍ എന്നിവയും സഹകരണ മേഖലകളില്‍ ഉള്‍പ്പെടുന്നു. കരിക്കുലം രൂപകല്‍പ്പനയിലും ഫാക്കല്‍റ്റി വികസന ശ്രമങ്ങളിലും പങ്കെടുക്കുമ്പോള്‍ വളര്‍ന്നുവരുന്ന പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്നതിനായി യുഎസ്ടി ബിറ്റ്സ് പിലാനി പ്ലേസ്മെന്റ് സെല്ലുമായി സഹകരിക്കും.
ആഗോളതലത്തില്‍ എഞ്ചിനീയറിംഗ് ഗവേഷണ-വികസന മേഖലയെ മുന്നോട്ട് നയിക്കുന്നതിനായുള്ള യു എസ് ടി യുടെ പ്രതിബദ്ധതയും ഈ സഹകരണം അടിവരയിടുന്നു. സെമികണ്ടക്ടര്‍ ഡിസൈന്‍, സോഫ്റ്റ്വെയര്‍ നിര്‍വചിക്കപ്പെട്ട മൊബിലിറ്റി, സ്മാര്‍ട്ട് മാനുഫാക്ചറിംഗ്, ഇമ്മേഴ്സീവ് സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ആഴത്തിലുള്ള വൈദഗ്ധ്യത്തോടെ, ചിപ്പ് മുതല്‍ ക്ലൗഡ് വരെ എ ഐ- സംയോജിത പരിഹാരങ്ങള്‍ യു എസ്‌ന ടി പ്രദാനം ചെയ്യുന്നുണ്ട്. ഈ സങ്കേതങ്ങള്‍ പുതു തലമുറ എഞ്ചിനീയറിംഗ് പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ആഗോളതലത്തില്‍ത്തന്നെ മുന്‍നിരയിലാണ് ഇന്ന് യു എസ് ടി.
സെമികണ്ടക്ടര്‍ വാലിഡേഷന്‍, ഓട്ടോമോട്ടീവ് പ്രെഡിക്റ്റീവ് മെയിന്റനന്‍സ്, ഓട്ടോണമസ് ഡ്രൈവിംഗ് സിമുലേഷനുകള്‍, റോബോട്ടിക് ആക്യുവേറ്ററുകള്‍ എന്നിവയ്ക്കായി എ ഐ, എം എല്‍ വൈദഗ്ധ്യമുള്ള യു എസ് ടിക്ക്, ഇന്നിന്റെ ഡാറ്റാസെറ്റുകളും വ്യവസായ വെല്ലുവിളികളും പങ്കിട്ടുകൊണ്ട് പ്രായോഗിക ഗവേഷണം നയിക്കാന്‍ കഴിയും. മാര്‍ക്കറ്റ്-റെഡി സൊല്യൂഷനുകള്‍ സഹകരിച്ച് വികസിപ്പിക്കുന്നതിനും, നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനും, ഇന്ത്യയുടെ ഓട്ടോമോട്ടീവ്, റോബോട്ടിക്‌സ് മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ബിറ്റ്സ് പിലാനിയുടെ എ ഐ ആവാസവ്യവസ്ഥയെ ഈ പങ്കാളിത്തം പ്രയോജനപ്പെടുത്തും.
നൂതനാശയങ്ങള്‍, ചടുലത, വ്യവസായ പ്രസക്തി എന്നിവ അക്കാദമിക് ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും, അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികളെയും ഫാക്കല്‍റ്റികളെയും പ്രാപ്തരാക്കുന്നതിലൂടെയും ശാശ്വതമായ സ്വാധീനം ചെലുത്താന്‍ ഈ ധാരണാപത്രം സഹായകമാകും. ബിറ്റ്സ് പിലാനിയുമായുള്ള ഈ തന്ത്രപരമായ സഹകരണം, ഡീപ്-ടെക് നവീകരണത്തിന്റെയും ഇന്ത്യയുടെ പ്രതിഭാ ശക്തിയുടെയും ഭാവി രൂപപ്പെടുത്തുന്നതിനുള്ള യു എസ് ടി യുടെ യാത്രയിലെ പുതിയൊരു ചുവടുവയ്പ്പാണ്.