രാത്രിയിലെ ആകാശം എത്രമാത്രം ഭംഗിയുള്ളതായിരിക്കുമെന്ന് നമുക്കറിയാം. എന്നാൽ ഒരുപക്ഷേ, ആകാശക്കാഴ്ചിൽ ക്ഷീരപഥങ്ങളെ മുഴുവൻ കാണുവാൻ സാധിച്ചാലോ? ഇതിൽപ്പരം സന്തോഷവും അതിശയവും ഒന്നും ഇനി വരാനില്ല. ഇത്തരത്തിലൊരു കാഴ്ച ലഡാക്കിലെ ഹാന്‍ലേ നിങ്ങൾക്ക് സമ്മാനിക്കും. തെളിഞ്ഞ ആകാശക്കാഴ്ചയിൽ നക്ഷത്രക്കൂട്ടങ്ങള് മാത്രമല്ല,ഇവിടെ ക്ഷീരപഥം മുഴുവനായി നിങ്ങളെ വിസ്മയിപ്പിക്കുവാനായി എത്തും!
മനം മയക്കുന്ന പ്രകൃതി ദ്യശ്യത്താൽ ഏറെ നാളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഗ്രാമമാണ് ഹാൻലെ. ബുദ്ധമതാശ്രമങ്ങൾ, വാനനിരീക്ഷണ കേന്ദ്രം തുടങ്ങി മികച്ച കാഴ്‌ചാനുഭവം നൽകുന്ന വിനോദ സഞ്ചാരയിടങ്ങളുമുണ്ട് ഹാൻലെയിൽ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ ചുരങ്ങളിൽ ഒന്നായ ഉംലിങ് ലായിലേക്കുള്ള സഞ്ചാരികൾ കടന്നു പോകുന്നത് ഹാൻലെ ഗ്രാമത്തിലൂടെയാണ്.
മേഘാവൃതമല്ലാത്ത ആകാശമെന്ന പ്രത്യേകതയാണ് ഹാൻലെയെ വാനനിരീക്ഷണത്തിന് അനുയോജ്യമാക്കുന്നത്. ഏഷ്യയിൽ തന്നെ ഏറ്റവും സൗകര്യപ്രദമായ രീതിയിൽ വാനനിരീക്ഷണം നടത്താൻ സാധിക്കുന്ന ഇടമാണ് ഹാൻലെ. ലോകത്തിലെ ഏറ്റവും ഉയർന്ന വാനനിരീക്ഷണ കേന്ദ്രങ്ങളിലൊന്ന് ഹാൻലെയിലാണ് സ്ഥിതി ചെയ്യുന്നത്.
പ്രകൃതി സൗന്ദര്യത്തിൻ്റെയും ജ്യോതിശാസ്ത്ര അത്ഭുതങ്ങളുടെയും സവിശേഷത വാഗ്‌ദാനം ചെയ്യുന്ന ഗ്രാമം അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ടതാണ്. രാത്രി കാലങ്ങളിൽ ഹാൻലെയിലെ ആകാശങ്ങൾ മേഘാവൃതമായിരിക്കില്ല. ഇതിനാലാണ് നക്ഷത്രനിരീക്ഷണത്തിനും പഠനങ്ങൾക്കും ഹാൻലെ തെരഞ്ഞെടുക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് ഡാര്‍ക്ക് സ്‌കൈ റിസര്‍വ് ആയാണ് ഹാൻലെ അറിയപ്പെടുന്നത്. പ്രകാശത്തെ മലിനീകരിക്കുവാൻ ഒന്നുമില്ലാത്ത ഇവിടെ രാത്രികളില് തെളിഞ്ഞ ആകാശം കാണേണ്ട കാഴ്ച തന്നെയാണ്. ചാങ്‌താങ് വന്യജീവി സങ്കേതത്തിനുള്ളിലെ ഭോക്, ഷാഡോ, പുങ്കുക്ക്, ഖുൽദോ, നാഗ, ടിബറ്റൻ അഭയാർഥി ആവാസകേന്ദ്രങ്ങൾ എന്നിങ്ങനെ ആറ് ഗ്രാമങ്ങൾ ചേരുന്നതാണ് ഇപ്പോൾ ഹാൻലെ ഡാർക്ക് സ്കൈ റിസർവ് ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
ഈ പ്രദേശത്തിന്‍റെ പ്രാധാന്യം ഏറ്റവുമാദ്യം തിരിച്ചറിഞ്ഞത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ് തന്നെയായിരുന്നു. വർഷങ്ങൾക്കു മുൻപേ തന്നെ അവർ ഇവെ ഒരു ഒബ്സർവേറ്ററി സ്ഥാപിച്ചിരുന്നു. വരണ്ടതും വളരെ തണുപ്പുള്ളതുമായ ഇവിടുത്തെ കാലാവസ്ഥ തന്നെയാണ് അതിനു നിമിത്തമായതും. ഈർപ്പം നിറഞ്ഞ അന്തരീക്ഷമാണെങ്കിൽ പ്രകാശത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ ആഗിരണം ചെയ്യപ്പെടുന്നു,. എന്നാൽ ഹാൻലെയിൽ നക്ഷത്രങ്ങളില്‍ നിന്നുള്ള വെളിച്ചം പൂർണ്ണമായും ഇവിടേക്ക് വരുന്നു.രാജ്യത്തെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ തെളിഞ്ഞ രാത്രികൾ ഈ പ്രദേശത്തു ലഭിക്കുന്നു. ഹാൻലെയിലെ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് സരസ്വതി പർവതത്തിലാണ്. ഇത് സമുദ്രനിരപ്പിൽ നിന്നും 4,500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ കേന്ദ്രങ്ങളിലൊന്ന് എന്ന പ്രത്യേകതയും ഉണ്ട്. വാന നിരീക്ഷണ കേന്ദ്രത്തിന് ചുറ്റുമുള്ള 1073 കിലോമീറ്റര്‍ പ്രദേശമാണ് ഹാന്‍ലേ ഡാര്‍ക് സ്‌കൈ റിസര്‍വായി പ്രഖ്യാപിച്ചിട്ടുള്ളത്.പല്ലാസ് പൂച്ച, ടിബറ്റൻ ഗാസലെ, ടിബറ്റൻ സാൻഡ് കുറുക്കൻ, ടിബറ്റൻ വൈൽഡ് ആസ് (കിയാങ്), മാർമോട്ട്, അർഗാലി, തുടങ്ങിയ അപൂർവ ജീവികളെ ഹാൻലെ ഗ്രാമത്തിൽ കാണാനാകും. മേച്ചിൽപ്പുറങ്ങളിൽ വൃത്യസ്‌തയിനം കൊക്കുകളെ കാണാൻ കഴിയും. കൂടാതെ 70-ലധികം ഇനം പക്ഷികൾ ഈ പ്രദേശത്തിലുണ്ടെന്നത് ഈ സ്ഥലത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ്.
വിദേശ വിനോദസഞ്ചാരികൾക്ക് ഹാൻലെയിൽ ഒരു രാത്രി താമസിക്കാനുള്ള അവസരം അടുത്തിടെ സർക്കാർ നൽകിയിരുന്നു. ഇത് ഗ്രാമത്തിലെ വിനോദസഞ്ചാര സാധ്യതയ്ക്ക് കൂടുതൽ പ്രചോദനം നൽകി. വിനോദസഞ്ചാരികളുടെ വർധനവ് ഉണ്ടാകുമ്പോൾ ഗ്രാമവും പുരോഗമനം കൈവരിക്കുന്നു. മെച്ചപ്പെട്ട വരുമാനവും അവസരങ്ങളും ഗ്രാമീണർക്ക് ലഭിക്കുന്നു. എന്നാൽ വിനോദസഞ്ചാരികളുടെ ക്രമാതീതമായ കടന്നുവരവോടെ തങ്ങളുടെ സ്വതസിദ്ധമായ സംസ്‌കാരവും പൈതൃകവും കൈമോശം വരുമോ എന്ന ആശങ്കയിലാണ് ഗ്രാമീണർ.
















