ശ്രദ്ധയും വൃത്തിയും ഉണ്ടായാൽ ഒരു പരിധിവരെ നേത്ര രോഗങ്ങളെ നമുക്ക് തടയാനാകും. മലിന ജലത്തിന്റെ ഉപയോഗമാണ് നേത്രരോഗമുണ്ടാക്കുന്ന മറ്റൊരു പ്രധാന കാരണം. ബാക്ടീരിയ, വൈറസ്, അല്ലെങ്കിൽ ഫംഗസ് മൂലമുണ്ടാക്കുന്ന നേത്ര രോഗങ്ങളെ യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചേക്കാം.
ചെങ്കണ്ണ് : മഴക്കാലത്ത് കുട്ടികളിൽ സാധാരണയായി കണ്ടു വരുന്നൊരു രോഗമാണ് ചെങ്കണ്ണ്. വേദനയും വീർപ്പും ചൊറിച്ചിലും തുടങ്ങിയ ലക്ഷണങ്ങളോടെ ഒരു പകർച്ച വ്യാധിയായ് പടരാനിടയാകും. കണ്ണിനേയും കൺപോളയേയും യോജിപ്പിക്കുന്ന ചർമ്മപാളിയാണ് കൺജങ്ടൈവ. ഇവയെ ബാധിക്കുന്ന, നീര് നിറഞ്ഞ ചുവപ്പ് നിറത്തിലുള്ള അവസ്ഥയാണ് ചെങ്കണ്ണ് അല്ലെങ്കിൽ കൺജക്റ്റിവിറ്റിസ്.
അലർജിയാലുള്ള ചെങ്കണ്ണ് : പൂമ്പൊടി, ചെറുപ്രാണികൾ, പൊടി പോലുള്ള വസ്തുക്കൾ കണ്ണിൽ വീണാൽ അലർജി കൊണ്ടുള്ള ചെങ്കണ്ണ് ഉണ്ടാകാം. കഠിനമായ ചൊറിച്ചിലാണ് ഇതിന്റെ പ്രധാന ലക്ഷണം. കണ്ണിൽ ചുവപ്പ് നിറം പടരുക, വെള്ളം നിറയുക, വീക്കം ഉണ്ടാവുക എന്നിവയ്ക്കും ഇത് കാരണമാകാം. അലർജിയുണ്ടാക്കുന്ന വസ്തുക്കളേതാണെന്ന് സ്വയം തിരിച്ചറിഞ്ഞ് മാറിനിൽക്കാൻ ശ്രദ്ധിക്കുക.
കണ്ണിലെ കുരു : കൺ പോളയിൽ വേദനയോട് കൂടിയതോ അല്ലാത്തതോ ആയ കുരുക്കൾ ഉണ്ടാകുന്നു. രോഗാണുക്കളാലും ശുചിത്വശീലമില്ലാത്തതിനാലുമാണ് കൺപോളയുടെ മുകളിൽ ഇത്തരം കുരുക്കൾ ഉണ്ടാകുന്നത്. കുട്ടികളിലുണ്ടാകുന്ന കൺകുരു ഒരിക്കലും കൈകൊണ്ട് തിരുമ്മുകയോ പൊട്ടിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്.
ഡ്രൈ ഐ : കുട്ടികളുടെ കണ്ണ് വരണ്ട് പോകുന്ന അല്ലേൽ കണ്ണീർ വറ്റി പോകുന്ന അവസ്ഥയാണിത്. പോഷകാഹാരക്കുറവ്, നീണ്ട സ്‌ക്രീൻ ടൈം, അലർജി തുടങ്ങിയ ഒട്ടനവധി കാരണങ്ങളാൽ കുട്ടികളിൽ ഡ്രൈ ഐ കാണപ്പെടാം.
കെരാറ്റൈറ്റിസ് : കുട്ടികൾ വൃത്തിഹീനമായ കുളത്തിൽ നീന്തുകയൊ കൈകൾ വൃത്തിയായി കഴുകാതെ കണ്ണുകൾ തൊടുകയൊ ചെയ്യുന്നത്, കെരാറ്റിറ്റിസിന് കാരണമാകും. കെരാറ്റിസ് മാറിയില്ലെങ്കിൽ നേത്രരോഗവിദഗ്ദനെ സമീപിച്ച് ചികിത്സ തേടണം.
ബ്ലെഫറിറ്റിസ് : കൺപീലിയിലെ താരൻ ബ്ലെഫറിറ്റിസ് എന്നറിയപ്പെടുന്നു. മഴക്കാലത്തും കാലാവസ്ഥ മാറുന്ന സമയങ്ങളിയും ഇത് കൂടുതയായി കാണപ്പെടുന്നു. താരൻ അല്ലെങ്കിൽ ത്വക്ക് രോഗങ്ങളുള്ള കുട്ടികളിലാണ് ബ്ലെഫറിറ്റിസ് കൂടുതലായും കാണപ്പെടുന്നത്.
ഐ ഫ്‌ളൂ : മഴക്കാലത്ത് കുട്ടികളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന രോഗമാണ് ഐ ഫ്‌ളൂ. കണ്ണുകളിൽ ചുവപ്പ് നിറം, ചൊറിച്ചിൽ, പുകച്ചിൽ, കാഴ്ച്ച മങ്ങൽ, കണ്ണിൽ നിന്ന് വെള്ളം ഒഴുകുക തുടങ്ങിയ ലക്ഷണങ്ങളോടെ രോഗം കുട്ടികളിൽ പകരുന്നു.
















