ഈ തിരക്ക് പിടിച്ച യാത്രയിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരിത്തിരി തണൽ തേടിയുള്ള മിക്കവരും. തൊടുപുഴയ്ക്കടുത്ത് അത്തരമൊരു സ്ഥമുണ്ട്. നഗരത്തിന്റെ തിരക്കിനും ഓട്ടത്തിനും ഇടയിൽ മനസ്സിനെ തണുപ്പിക്കുന്നൊരു കുട്ടിവനം. ഇടവെട്ടി പഞ്ചായത്തിലെ കുട്ടിവനം എന്നറിയപ്പെടുന്ന സ്വാഭാവിക വനമാണത്. ഈ കുട്ടിവനത്തെ ഒന്നുകൂടി സുന്ദരിയാക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്.
ഇടതൂർന്ന് വളരുന്ന വൻ മരങ്ങളും അപൂർവയിനം പക്ഷികളും ഔഷധസസ്യങ്ങളുംകൊണ്ട് സമ്പന്നമാണ് ഇവിടം. തൊട്ടടുത്തുള്ള എംവിഐപി കനാലാണ് പ്രധാന ആകർഷണം. കുട്ടിവനത്തിലെ മനോഹര കാഴ്ചകൾ കൂടുതൽ പ്രകൃതി രമണീയമാക്കാനാണ് സർക്കാരിൻ്റെ തീരുമാനം. നടപ്പാത, കഫറ്റേരിയ, ഔഷധസസ്യത്തോട്ടം, നക്ഷത്രവനം, മുളങ്കാട്, ഫലവൃക്ഷത്തോട്ടം, പുൽമേട്, കുളങ്ങൾ, വ്യത്യസ്‌ത തരത്തിലുള്ള ചിത്രശലഭങ്ങള്‍ എന്നിവയെല്ലാം ഒരുക്കി വികസന പ്രവൃത്തികള്‍ തുടങ്ങാനൊരുങ്ങുകയാണ് വനംവകുപ്പ്. പ്രകൃതിയുടെ മടിത്തട്ടിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുകയാണ് അധികൃതർ.
വന സംരക്ഷണത്തിന്‍റെ പ്രാധാന്യവും പച്ചപ്പ് നിലനിർത്തേണ്ടതിന്‍റെ ആവശ്യകതയും ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വനഭൂമിയിലെ തരിശായി കിടക്കുന്ന സ്ഥലത്താണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക. നഗരവനം പദ്ധതി നടപ്പാക്കി നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് പാസ് മുഖാന്തരമാകും പൊതുജനങ്ങൾക്ക് ഇവിടെ പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഫോട്ടോഷൂട്ടിനും റീൽസ് ചിത്രീകരണത്തിനും ശാന്തമായി ഇരിക്കുന്നതിനുമെല്ലാം ഇവിടെയ്‌ക്ക് ആളുകള്‍ എത്താറുണ്ട്. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങളും കൂട്ടിനുണ്ടാവും.
നഗര വനം പദ്ധതി പൂർത്തിയാകുമ്പോൾ ഇടവെട്ടി ഗ്രാമപഞ്ചായത്തിൻ്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ. വേനൽ കാലത്ത് വൻ തിരക്കാണ് ഇവിടെ. തൊടുപുഴ ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടവെട്ടി കുട്ടിവനത്തിൽ എത്താം ചീവീടിൻ്റെയും കിളികളുടെയും ശബ്‌ദം ആസ്വദിച്ച് പ്രകൃതിയുടെ തണുപ്പും പേറി ഇവിടെ ഇങ്ങനെയിരിക്കാം. നഗരത്തിൻ്റെ തിരക്കുള്ള ജീവിതത്തിൽ നിന്നും ശാന്തത ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ ആശ്വാസമാണ്.
















