മുതിർന്ന ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ പ്രധാനവേഷത്തിൽ എത്തുന്ന ‘മെയ്ഡ് ഇൻ ഇന്ത്യ- എ ടൈറ്റൻ സ്റ്റോറി’ എന്ന സീരീസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. സീരീസിൽ ജെആർഡി ടാറ്റ ആയിട്ടാണ് നടൻ അഭിനയിക്കുന്നത്. സീരീസ് അടുത്ത വർഷം ആമസോൺ എംഎക്സ് പ്ലേയർ വഴി റിലീസ് ചെയ്യും.
സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. ജെ ആർ ഡി ടാറ്റയുടെ 121-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. റോബി ഗ്രെവാൾ സംവിധാനം ചെയ്ത സീരിസിൽ ടൈറ്റൻ വാച്ച് കമ്പനിയുടെ സ്ഥാപകയായ സെർക്സസ് ദേശായിയായി ജിം സർഭ് എത്തുന്നു. ഇവർക്ക് പുറമെ നമിത ദുബെ, വൈഭവ് തത്വവാദി, കാവേരി സേത്ത്, ലക്ഷ്വീർ സരൺ, പരേഷ് ഗണത്ര എന്നിവരും ചിത്രത്തിലുണ്ട്.
1980കളിൽ നടക്കുന്ന കഥയാണ് സീരീസ് പറയുന്നത്. ജെആർഡി ടാറ്റയും സെർക്സസ് ദേശായിയും തമ്മിലുള്ള ബന്ധമായിരിക്കും ചിത്രം പ്രതിപാദിക്കുക. പ്രതിസന്ധികളെ തരണം ചെയ്ത്, തങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ മാർക്കറ്റിൽ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഇരുവരും. വിനയ് കാമത്തിന്റെ പുസ്തകമായ ‘ടൈറ്റൻ: ഇൻസൈഡ് ഇന്ത്യാസ് മോസ്റ്റ് സക്സസ്ഫസ് കൺസ്യൂമർ ബ്രാൻഡി’നെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കുന്നത്.
















