ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ കേരളത്തില്‍ ഉയരുന്ന ജനകീയ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ അറിയിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഛത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചും ബിജെപി ഭരണകൂടത്തിന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെയും കെപിസിസിയുടെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് നിന്നും രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ നടത്തത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുക ആയിരുന്നു അദ്ദേഹം.
വ്യാജ കുറ്റങ്ങളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ ചുമത്തിയത്. എഫ്‌ഐആര്‍ തിരുത്തി ഇല്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് അവര്‍ക്ക് ജാമ്യം നിഷേധിച്ചു.ബിജെപിയുടെ കിരാത ഭരണം നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാ വിരുദ്ധമാണ്. ഇതിനെ ന്യായീകരിക്കുകയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളും മൗലികാവകാശങ്ങളും ലംഘിക്കുകയും നിഷേധിക്കുകയും ചെയ്ത ബിജെപി സര്‍ക്കാരിന്റെ നടപടി ലജ്ജാകരമാണ്. ബംജ്‌റംഗ്ദളിന്റെ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തപ്പോള്‍ പോലീസ് കയ്യുംകെട്ടി നിന്നെന്നും സണ്ണി ജോസഫ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന എന്‍ ശക്തന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ എംഎം ഹസന്‍, വിഎം സുധീരന്‍, കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരയ എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കെസി ജോസഫ്, വിഎസ് ശിവകുമാര്‍, ബിന്ദുകൃഷ്ണ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എം.ലിജു, പഴകുളം മധു, എംഎം നസീര്‍, ജി.സുബോധന്‍,ജിഎസ് ബാബു,കെപി ശ്രീകുമാര്‍, കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.മോഹന്‍കുമാര്‍, വര്‍ക്കല കഹാര്‍, എം.വിന്‍സന്റ് എംഎല്‍എ,ശരത്ചന്ദ്ര പ്രസാദ്,നെയ്യാറ്റിന്‍കര സനല്‍,മണക്കാട് സുരേഷ്,കെഎസ് ശബരിനാഥന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
















