ന്യൂഡല്‍ഹി: ഓഗസ്റ്റ് 1 മുതൽ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. ട്രംപിന്റെ പ്രസ്താവന സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഏതാനും മാസങ്ങളായി പരസ്പരം പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറില്‍ എത്തുന്നതിനായി ഇന്ത്യയും യുഎസും ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആ ലക്ഷ്യത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്രം വ്യക്തമാക്കി.
‘കര്‍ഷകരുടെയും സംരംഭകരുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ അതീവ പ്രാധാന്യം നല്‍കുന്നു’ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.യുകെയുമായുള്ള ഏറ്റവും പുതിയ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യാപാര കരാറുകളുടെ കാര്യത്തിലെന്നപോലെ, ദേശീയ താല്‍പ്പര്യം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും, യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസ്സങ്ങളും ഉന്നയിച്ചുകൊണ്ടാണ് ട്രംപ് ഇന്ത്യക്കുമേല്‍ 25 ശതമാനം തീരുവയും പിഴയും ചുമത്തുമെന്ന് പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യയിലെന്നും ട്രംപ് പറയുന്നു. ഇക്കാരണം കൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുമായി താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി.
‘എക്കാലത്തും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നു. ഒപ്പം റഷ്യ യുക്രെയ്‌നിലെ കൊലപാതകങ്ങള്‍ നിര്‍ത്തണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന ഈ സമയത്ത്, ചൈനയ്ക്കൊപ്പം റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് അവരാണ്. ഇതൊന്നും നല്ല കാര്യങ്ങളല്ല! അതിനാല്‍, ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ ഇന്ത്യ 25% താരിഫും, മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു പിഴയും നല്‍കേണ്ടി വരും.’ ട്രംപിന്റെ പോസ്റ്റില്‍ പറയുന്നു.
















