കേരള സര്‍വകലാശാല ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ കൂടുതൽ നടപടിയ്ക്കൊരുങ്ങുകയാണ് വി.സി ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍.ഇതിന്റെ ഭാഗമായി അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്ന കര്‍ശന നിര്‍ദേശം ഫൈനാന്‍സ് ഓഫീസര്‍ക്ക് നല്‍കി. ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അനില്‍കുമാറിന് ശമ്പളം അനുവദിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് താക്കിതുമുണ്ട്. അതേസമയം പ്രശ്‌നപരിഹാരത്തിനായി സിന്‍ഡിക്കേറ്റ് യോഗം വിളിക്കാനും വി.സി തയ്യാറാകുന്നില്ല.
സെപ്റ്റംബര്‍ ആദ്യവാരം യോഗം വിളിക്കാമെന്നണ് വി.സി പറയുന്നത്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാതെ സമവായത്തിന് വഴങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വി സി. സമവായത്തിന് സര്‍ക്കാര്‍ ശ്രമിച്ചിട്ടും വി.സി വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല..
സസ്‌പെന്‍ഷന്റെ പശ്ചാത്തലത്തില്‍ അനില്‍ കുമാറിന്റെ ശമ്പളം തടയണമെന്നാണ് വിസിയുടെ ആവശ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉള്‍പ്പെടെ പ്രശ്‌നത്തില്‍ ഇടപെട്ട് സിന്‍ഡിക്കേറ്റ് യോഗം ഉടനുണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വിസി വ്യക്തമാക്കുന്നത്.
















