ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം താരിഫ് ചുമത്തിയ അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. ഇക്കാര്യത്തിൽ രാജ്യതാത്‌പര്യമാണ് വലുതെന്നും അവ സംരക്ഷിക്കുമെന്നും വ്യവസായ വാണിജ്യ വകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു.
യുഎസ് പ്രസിഡൻ്റിൻ്റെ ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചുള്ള പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അതിൻ്റെ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി ന്യായവും സന്തുലിതവും പരസ്പര പ്രയോജനകരവുമായ ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി ഇന്ത്യയും യുഎസും ചർച്ചകളിലാണ്. ഈ ലക്ഷ്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്രം വ്യക്തമാക്കി.
കർഷകരുടെയും സംരംഭകരുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ക്ഷേമം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ യുകെയുമായുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ ഉൾപ്പെടെയുള്ള മറ്റ് വ്യാപാര കരാറുകളിലെന്നപോലെ, ഇന്ത്യയുടെ ദേശീയ താത്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ന്യൂഡൽഹിയുമായുള്ള വ്യാപാരത്തിൽ 25% തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനം, ഇന്ത്യയുടെ ഈ പ്രതികരണത്തിന് കാരണമായി. ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചത് ഇങ്ങനെയാണ്: “ഓർക്കുക, ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും, വർഷങ്ങളായി ഞങ്ങൾ അവരുമായി താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂ. കാരണം അവരുടെ തീരുവകൾ വളരെ ഉയർന്നതാണ്, ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നാണിത്.”
“കൂടാതെ, ലോകത്തിലെ ഏതൊരു രാജ്യത്തേക്കാളും കർശനവും മോശവുമായ ധനപരമല്ലാത്ത വ്യാപാര തടസങ്ങൾ അവർക്കുണ്ട്. അവർ എല്ലായ്പ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. യുക്രെയ്നിലെ കൊലപാതകങ്ങൾ നിർത്താൻ എല്ലാവരും റഷ്യയെ ആഗ്രഹിക്കുമ്പോൾ, ചൈനയോടൊപ്പം റഷ്യൻ ഊർജത്തിൻ്റെ ഏറ്റവും വലിയ വാങ്ങലുകാരും അവരാണ് – ഇതൊന്നും നല്ലതല്ല! അതിനാൽ, ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഇന്ത്യ 25% താരിഫും, മുകളിൽ പറഞ്ഞ കാര്യങ്ങൾക്ക് ഒരു പിഴയും നൽകേണ്ടി വരും.” എന്നും യുഎസ് പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
















