യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് രംഗത്തെത്തി. യുഎസ് പ്രസിഡൻ്റുമായുള്ള അദ്ദേഹത്തിൻ്റെ സൗഹൃദത്തിന് വലിയ അർഥമൊന്നുമില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
“പ്രസിഡൻ്റ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവയും പിഴയും ചുമത്തിയിരിക്കുന്നു. അദ്ദേഹവും ‘ഹൗഡി മോദി’യും തമ്മിലുള്ള എല്ലാ പ്രശംസകളും വെറുതെയായി.” ജയറാം രമേശ് എക്സ് പോസ്റ്റിൽ കുറിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അമേരിക്കൻ പ്രസിഡൻ്റിനെതിരെ നിലപാടെടുക്കാൻ മോദി തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
“യുഎസ് പ്രസിഡൻ്റ് ഇന്ത്യയ്‌ക്കെതിരെ നടത്തിയ അപമാനങ്ങളിൽ മിണ്ടാതിരുന്നാൽ – ഓപ്പറേഷൻ സിന്ദൂർ തടഞ്ഞെന്ന 30 അവകാശവാദങ്ങൾ, പഹൽഗാമിലെ ക്രൂരമായ ഭീകരാക്രമണത്തിന് പശ്ചാത്തലമൊരുക്കിയ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ പാകിസ്ഥാൻ സൈനിക മേധാവിക്ക് നൽകിയ പ്രത്യേക ഉച്ചഭക്ഷണം, ഐഎംഎഫിൽനിന്നും ലോകബാങ്കിൽനിന്നും പാകിസ്ഥാന് സാമ്പത്തിക പാക്കേജുകൾക്കുള്ള യുഎസ് പിന്തുണ എന്നിവയിൽ – ഇന്ത്യക്ക് പ്രസിഡൻ്റ് ട്രംപിൽനിന്ന് പ്രത്യേക പരിഗണന ലഭിക്കുമെന്ന് ശ്രീ മോദി കരുതി. എന്നാൽ അത് സംഭവിച്ചില്ല.” എന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് തൻ്റെ ഉറ്റ സുഹൃത്താണെന്ന് മോദി അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ത്യക്ക് മേൽ തീരുവ ചുമത്തുക എന്നതായിരുന്നു യുഎസ് പ്രസിഡൻ്റിൻ്റെ അജണ്ടയെന്ന് വ്യക്തമായിരുന്നുവെന്ന് കോൺഗ്രസ് എംപിയായ ചമല കിരൺ കുമാർ റെഡ്ഡി പറഞ്ഞു. ഇത് കയറ്റുമതിയെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്നതിനാൽ യുഎസുമായി എത്രയും പെട്ടെന്ന് ഒരു വ്യാപാര കരാർ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















