കന്യാസ്‌ത്രീകളുടെ അറസ്‌റ്റിൽ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയോട് വിവരങ്ങൾ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കന്യാസ്‌ത്രീകൾക്ക് ഇന്നലെ ജാമ്യം ലഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിൻ്റെ കാരണവും മുഖ്യമന്ത്രിയോട് അന്വേഷിച്ചതായാണ് വിവരം.
പ്രധാനമന്ത്രി മോദിയുമായി അമിത് ഷാ ഇക്കാര്യം ചർച്ച ചെയ്‌തതായും സൂചനയുണ്ട്. അതേസമയം കന്യാസ്‌ത്രീകളുടെ അറസ്‌റ്റുമായി ബന്ധപ്പട്ട് കേരളത്തിലെ കോൺഗ്രസ് എംപിമാർ ഇന്ന് പാർലമെൻ്റിൽ പ്രതിഷേധം നടത്തും. പാർലമെൻ്റിന് പുറത്ത് സിപിഎം പ്രവർത്തകർ മറ്റൊരു പ്രതിഷേധ പ്രകടനം കൂടി നടത്തുമെന്നും സൂചനയുണ്ട്.
ജൂലൈ 25 നാണ് കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്‌റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്‌റ്റർ പ്രീതി മേരിയെയും ഛത്തീസ്‌ഗഡിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്‌റ്റ് ചെയ്‌തത്. ആശുപത്രി, ഓഫിസ് ജോലികൾക്കായി രണ്ട് പെൺകുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടർന്നാണ് ഇവരെ പൊലീസും ബജ്റംഗ്‌ദൾ പ്രവർത്തകരും ചോദ്യം ചെയ്‌തത്.
















