ഛത്തീസ്ഘഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നിയമപരമായി മാത്രമേ ഇടപെടാനാകൂവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. ഹൈക്കോടതി നിർദേശമുള്ളത് കൊണ്ടാണ് ജാമ്യാപേക്ഷ എൻഐഎ കോടതിക്ക് പരിഗണിക്കേണ്ടി വരുന്നത്. പക്ഷേ നിയമവശം നോക്കിയല്ല, സഭാ നേതൃത്വം വൈകാരികമായാണ് പ്രതികരിച്ചത്. ക്രൈസ്തവർ വിവേകത്തോടെ നോക്കിക്കാണണം. ഇതിനെ രാഷ്ട്രീയ ആയുധമാക്കുന്ന കോൺഗ്രസ്, നാറിയ രാഷ്ട്രീയമാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രിമാർക്ക് കോടതിയിൽ പോയി പറയാനാകില്ലെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഛത്തിസ്ഗഢിലെ ജയിലിൽ കഴിയുന്ന അങ്കമാലി എളവൂർ സ്വദേശിനിയായ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ജൂലൈ 25 നാണ് കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്‌റ്റർ വന്ദന ഫ്രാൻസിസിനെയും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്‌റ്റർ പ്രീതി മേരിയെയും ഛത്തീസ്‌ഗഡിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്ത് ആരോപിച്ച് അറസ്‌റ്റ് ചെയ്‌തത്. ആശുപത്രി, ഓഫിസ് ജോലികൾക്കായി രണ്ട് പെൺകുട്ടികളെ ഒപ്പം കൂട്ടിയതിനെ തുടർന്നാണ് ഇവരെ പൊലീസും ബജ്റംഗ്‌ദൾ പ്രവർത്തകരും ചോദ്യം ചെയ്‌തത്.
പെൺകുട്ടികളുടെ കുടുംബവും കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്നു. എന്നാൽ ബജ്റംഗ്‌ദൾ പ്രവർത്തകരുടെ മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കടുത്ത ആരോപണങ്ങളെ തുടർന്ന് പൊലീസ് ഇരുവരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. മതപരിവർത്തനം നടന്നിട്ടില്ലെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയാണു പെൺകുട്ടികൾ യാത്ര ചെയ്‌തതെന്നും അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹവും വ്യക്തമാക്കിയിരുന്നു.
അറസ്‌റ്റിനെ തുടർന്ന് പ്രതിഷേധം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരുടെയും ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ ആരോപിച്ചിരിക്കുന്ന മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതി കേസ് തള്ളിയത്.
ഇതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ സെഷൻ കോടതിയും ജാമ്യാപേക്ഷ തള്ളി. കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകിയാൽ മതപരിവർത്തനം ആവർത്തിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. തങ്ങൾക്ക് ഈ കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് പറഞ്ഞ് ജാമ്യാപേക്ഷ കേൾക്കാൻ വിസമ്മതിച്ച സെഷൻസ് കോടതി മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയിരിക്കുന്നതിനാൽ ബിലാസ്‌പൂരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു.
















