ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം സംബന്ധിച്ച വെളിപ്പെടുത്തലിൽ തിരച്ചില്‍ തുടരകയാണ്. സാക്ഷി പറഞ്ഞ ആറാമത്തെ പോയിന്റിൽ മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചതായാണ് വിവരം.
പ്രദേശത്ത് തിരച്ചിലിനായി 13 സ്‌പോട്ടുകളാണ് മാര്‍ക്ക് ചെയ്തത്. അതില്‍ അഞ്ചിടങ്ങളില്‍ ഇന്നലെയും ഇന്നുമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്നാണ് ആറാമത്തെ സ്‌പോട്ടില്‍ പരിശോധന ആരംഭിച്ചത്. അവിടെ നിന്നാണ് അസ്ഥികൾ കണ്ടെടുത്തത്. മനുഷ്യന്റെ അസ്ഥിയാണോയെന്ന് സ്ഥിരീകരിക്കാനായി ഫോറന്‍സിക് സംഘം പരിശോധന നടത്തും. പരിശോധനയ്ക്കിടെ ഇന്ന് ഒരു സ്ത്രീയുടെ വസ്ത്രങ്ങളും വാനിറ്റി ബാഗും തിരിച്ചറിയല്‍ രേഖകളും ലഭിച്ചിരുന്നു. ലഭിച്ച തെളിവുകള്‍ അന്വേഷണത്തില്‍ വഴിത്തിരിവായേക്കും.ധർമസ്ഥലയിൽ നൂറോളം മൃതദേഹം കുഴിച്ചുമൂടിയെന്നാണ് മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. സാക്ഷി കാണിച്ചുകൊടുത്ത എല്ലാ സ്പോട്ടുകളിലും പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്. ജിയോ ടാഗിംഗിനൊപ്പം സർവേക്കല്ലിന് സമാനമായ ഒരു അടയാളവും ഈ ഭൂമിയിൽ പതിച്ചിട്ടുണ്ട്. ധർമസ്ഥല ട്രസ്റ്റിന് കീഴിലോ മറ്റ് സ്വകാര്യവ്യക്തികളുടെ പേരിലോ ഉള്ള ഭൂമിയിലെ സ്പോട്ടുകൾ കുഴിച്ച് പരിശോധിക്കുന്നത് അന്വേഷണ സംഘത്തിന് മുന്നിൽ വെല്ലുവിളിയാണ്. ഇതിന് കോടതിയുടെ പ്രത്യേക അനുമതി വേണ്ടി വരും. താൻ മൃതദേഹം മറവ് ചെയ്ത ഇടത്ത് നിന്ന് കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് സാക്ഷി കോടതിയിൽ നൽകിയ തലയോട്ടിയിലെയും അതിൽ പറ്റിയിട്ടുള്ള മണ്ണിന്‍റെയും ഫൊറൻസിക് പരിശോധന തുടങ്ങിയിട്ടുണ്ട്.
















