ഇറാനുമായി വ്യാപാരം നടത്തിയതിന് ഇന്ത്യയിൽ നിന്നുള്ള ആറ് കമ്പനികൾ ഉൾപ്പെടെ 20 സ്ഥാപനങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റാണ് ഉപരോധം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇറാനിൽ നിന്നുള്ള പെട്രോളിയം, പെട്രോളിയം ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ പെട്രോകെമിക്കൽ എന്നിവയുടെ വ്യാപാരത്തിൽ ഏർപ്പെടുന്നു എന്നതാണ് ഈ കമ്പനികൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നതിൻ്റെ കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് ഓർഡർ 13846 പ്രകാരമുള്ള അമേരിക്കൻ ഉപരോധങ്ങളുടെ ലംഘനമാണ് ഈ കമ്പനികൾ നടത്തിയിരിക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. മധ്യപൂർവ്വേഷ്യയിലെ സംഘർഷത്തിന് ഇന്ധനം നൽകാനും, ഭീകരതയ്ക്ക് ധനസഹായം നൽകാനും, ജനങ്ങളെ അടിച്ചമർത്താനും ഇറാനിയൻ ഭരണകൂടം ഈ വരുമാനം ഉപയോഗിക്കുന്നുവെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ അവകാശവാദം.
ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് (ആൽക്കെമിക്കൽ സൊല്യൂഷൻസ്), ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ് ലിമിറ്റഡ് (ഗ്ലോബൽ ഇൻഡസ്ട്രിയൽ), ജൂപ്പിറ്റർ ഡൈ കെം പ്രൈവറ്റ് ലിമിറ്റഡ് (ജൂപ്പിറ്റർ ഡൈ കെം), രാംനിക്ലാൽ എസ് ഗോസാലിയ ആൻഡ് കമ്പനി (രാംനിക്ലാൽ), പെർസിസ്റ്റന്റ് പെട്രോകെം പ്രൈവറ്റ് ലിമിറ്റഡ്, കാഞ്ചൻ പോളിമേഴ്‌സ് എന്നിവയാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ആറ് ഇന്ത്യൻ കമ്പനികൾ.
















