സെപ്റ്റംബറില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടര്‍ 19 ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനങ്ങളും രണ്ട് ചതുർദിന മത്സരങ്ങളുമാണ് പരമ്പരയില്‍ കളിക്കുന്നത്. ഈ മാസം ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിലെ പ്രധാന താരങ്ങളെയെല്ലാം ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലും നിലനിര്‍ത്തി. സെപ്റ്റംബര്‍ 21, 24, 26 തീയതികളിലാണ് ഏകദിന പരമ്പര. സെപ്റ്റംബര്‍ 30 മുതല്‍ ആദ്യ ചതുര്‍ദിന മത്സരവും ഒക്ടോബര്‍ 7 മുതല്‍ 10വരെ രണ്ടാം ചതുര്‍ദിന മത്സരവും ഇന്ത്യ അണ്ടര്‍ 19 ടീം കളിക്കും.
ഇംഗ്ലണ്ടിലെ സമീപകാല വിജയങ്ങളുടെ പിൻബലത്തിൽ അണ്ടർ 19 ടീമിനെ ആയുഷ് മാത്രെയാണ് നയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ യൂത്ത് ടെസ്റ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 340 റൺസ് നേടിയ മാത്രെ, ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനായിരുന്നു. വിഹാൻ മൽഹോത്രയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിൽ രണ്ട് ഫോർമാറ്റുകളിലും യുവതാരം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. യൂത്ത് ഏകദിനത്തിൽ 243 റൺസ് നേടിയ വിഹാൻ ടെസ്റ്റ് മത്സരങ്ങളിൽ 277 റൺസും നേടി.
ഇംഗ്ലണ്ടിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ വൈഭവ് സൂര്യവംശിയും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ വൈഭവ് 355 റൺസ് നേടി. യൂത്ത് ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയും ഇംഗ്ലണ്ടിൽ താരം സ്വന്തമാക്കിയിരുന്നു. ബാറ്റിംഗ് ഓപ്ഷനുകളും വൈവിധ്യമാർന്ന ബൗളിംഗ് യൂണിറ്റുമുള്ള ഒരു മികച്ച ടീമിനെയാണ് സെലക്ടർമാർ തിരഞ്ഞെടുത്തിരിക്കുന്നത്. വിക്കറ്റ് കീപ്പർ അഭിഗ്യാൻ കുണ്ടുവും ഹർവൻഷ് സിംഗും മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ, കിഷൻ കുമാർ, അൻമോൾജിത് സിംഗ്, ഡി. ദീപേഷ് തുടങ്ങിയ ബൗളർമാർക്ക് ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
















