ഇന്ത്യ വിജയിച്ചു കയറി സമനില പിടിക്കുമോ, അതോ ഇംഗ്ലണ്ട് അവസാന മത്സരം വിജയിച്ച് പരമ്പര സ്വന്തമാക്കുമോ? അഞ്ചു ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന ടെന്‍ഡുല്‍ക്കര്‍- ആന്‍ഡേഴണ്‍ പരമ്പരയുടെ അവസാന മത്സരം ഇന്ന് കെന്നിംഗ്ടണ്‍ ഓവലില്‍ ആരംഭിക്കുമ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നു വരുന്ന ചോദ്യമാണിത്. എന്തായാലും പൊരുതി വിജയിച്ച് സമനില പിടിയ്ക്കാന്‍ സന്ദര്‍ശകരും മികവുറ്റ വിജയം നേടി പരമ്പര സ്വന്തമാക്കാന്‍ ആതിഥേയരും കിണഞ്ഞ് ശ്രമിക്കുമ്പോള്‍ ഓവലില്‍ എത്തുന്ന കാണികള്‍ക്ക് ഈ മത്സരം ഒട്ടും നിരാശ നല്‍കില്ലെന്ന് വ്യക്തമാണ്. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഓവല്‍ ഗ്രൗണ്ട്‌സ് കീപ്പറുമായി ഉണ്ടായ പോരാട്ടവും ഇംഗ്ലണ്ട് ക്യാപ്ടന്‍ സ്‌റ്റോക്‌സ പരിക്കമൂലം പുറത്തേക്ക് പോയതുമുള്‍പ്പടെയുള്ള കാര്യങ്ങളോടെയാണ് അവസാന ടെസ്റ്റ് ഇന്ന് ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ ആരംഭിക്കുന്നത്.

നിലവില്‍ ഇംഗ്ലണ്ട് പരമ്പരയില്‍ 2-1 ന് മുന്നിലാണ്. റണ്‍ വേട്ടക്കാരില്‍ ആദ്യ 5 സ്ഥാനങ്ങളില്‍ നാല് ഇന്ത്യന്‍ താരങ്ങളുണ്ട്. വിക്കറ്റ് വേട്ടക്കാരില്‍ മൂന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുണ്ട്. മികച്ച ക്രിക്കറ്റ് കളിച്ചിട്ടും, ചില മോശം തീരുമാനങ്ങളും സംശയാസ്പദമായ ടീം തിരഞ്ഞെടുപ്പുകളും കാരണമാണ് ഇന്ത്യന്‍ ടീം പരമ്പരയില്‍ പിന്നിലായത്. 304 റണ്‍സും 17 വിക്കറ്റുകളും നേടി രണ്ടുതവണ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ക്യാപ്റ്റന്‍ സ്‌റ്റോക്‌സ് തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പിന്മാറിയത് ഇംഗ്ലണ്ട് ടീമിന് തിരിച്ചടിയായി. ജോലിഭാരം കണക്കിലെടുത്ത് ടീം മാനേജ്‌മെന്റ് ബുംറയ്ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്, ഇത് ഇന്ത്യന്‍ ടീമിന്റെ അനുഭവപരിചയമില്ലാത്ത പേസ് ബൗളിംഗ് യൂണിറ്റിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്.

ബെന്‍ സ്‌റ്റോക്‌സിന് പരിക്ക്
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വേദന അനുഭവിച്ചിട്ടും സ്‌റ്റോക്‌സിന്റെ തുടര്‍ച്ചയായ ബൗളിംഗ് പരിക്കിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലായി 531 പന്തുകള്‍ എറിഞ്ഞ് ക്ഷീണിതനായ ആര്‍ച്ചറിനും, ശരിയായ ലെങ്തില്‍ സ്ഥിരമായി പന്തെറിയാന്‍ പാടുപെടുന്ന കാര്‍സെക്കും വിശ്രമം നല്‍കി. ഫാസ്റ്റ് ബൗളര്‍മാരായ ഡങ്, ഓവര്‍ട്ടണ്‍, ആറ്റ്കിന്‍സണ്‍ എന്നിവരെ പകരക്കാരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂവരും ആകെ 18 ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഓവല്‍ സ്പിന്‍ ബൗളിങ്ങിന് വഴങ്ങാത്തതിനാല്‍ ഡോസണെ ഒഴിവാക്കി, പകരം ബെഥേല്‍ ടീമില്‍ ചേര്‍ന്നു. റൂട്ടിനൊപ്പം ബെഥേല്‍ പാര്‍ട്ട് ടൈം സ്പിന്‍ ബൗള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഫഌറ്റ് പിച്ചാണ് ഓവലില്‍ ഒരുക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് സേനയെ നയിക്കേണ്ട ഉത്തരവാദിത്തം മുഹമ്മദ് സിറാജിന്റെ ചുമലിലായി. ഈ പരമ്പരയില്‍ വിശ്രമമില്ലാതെ അദ്ദേഹം 4 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്, ആകെ 834 പന്തുകള്‍ എറിയുകയും 14 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. പരിക്കില്‍ നിന്ന് മോചിതനായ ആകാശ് ദീപിന് ഓവല്‍ ഗ്രൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് വിശ്വസിക്കാം. അരങ്ങേറ്റ ടെസ്റ്റില്‍ പൊരുതി നിന്ന കാംബോജിനെ ടീമില്‍ നിന്ന് ഒഴിവാക്കി, മറ്റൊരു പേസര്‍ പ്രസിത് കൃഷ്ണയെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയേക്കാം. കഴിഞ്ഞ ടെസ്റ്റില്‍ ടീമിലുണ്ടായിരുന്നതും 11 ഓവര്‍ മാത്രം എറിഞ്ഞതുമായ ഇടംകൈയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിന് പകരം ഓള്‍റൗണ്ടറുടെ വേഷത്തില്‍ ഷാര്‍ദുല്‍ ടീമില്‍ ഇടം നേടിയാലും അതിശയിക്കാനില്ല. ഇന്ത്യന്‍ ടീം പതിവുപോലെ നീണ്ട ബാറ്റിംഗ് ലൈനപ്പിന് മുന്‍ഗണന നല്‍കിയാല്‍, ഷാര്‍ദുല്‍ തന്റെ സ്ഥാനം നിലനിര്‍ത്തും. കഴിഞ്ഞ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഷാര്‍ദുല്‍ 41 പ്രധാന റണ്‍സ് നേടിയത് ശ്രദ്ധേയമാണ്.

ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിര
ഇത്തവണയും ‘ചൈനാമാന്‍’ കുല്‍ദീപ് യാദവിന് അവസരം ലഭിക്കില്ല. ഋഷഭ് പന്ത് പുറത്തായതോടെ സുന്ദറിന് വീണ്ടും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കും. വോക്‌സ് ഒഴികെയുള്ള ഇംഗ്ലണ്ട് ടീമിലെ മറ്റ് മൂന്ന് ഫാസ്റ്റ് ബൗളര്‍മാരും അനുഭവപരിചയമില്ലാത്തവരായതിനാല്‍, ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ വലിയ സമ്മര്‍ദ്ദമൊന്നും ഉണ്ടാകില്ല. പരിക്കില്‍ നിന്ന് മുക്തനായ വോക്‌സ് ഈ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് ടീമിന് പ്രതീക്ഷിച്ചത്ര സംഭാവന നല്‍കിയിട്ടില്ല. 52.80 എന്ന മോശം ശരാശരിയില്‍ 4 ടെസ്റ്റുകളില്‍ നിന്ന് 10 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. താല്‍ക്കാലിക ക്യാപ്റ്റന്‍ ഒല്ലി പോപ്പ് നിര്‍ണായക ഘട്ടത്തില്‍ ടീമിനെ നയിക്കും. ക്രാളിയും ഡക്കറ്റും ഫോമിലേക്ക് തിരിച്ചെത്തിയതോടെ, സ്റ്റാര്‍ പ്ലെയര്‍ ബ്രൂക്ക് ഒരു വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ നിര്‍ബന്ധിതനാകുന്നു. എന്നാലും എക്കാലത്തെയും വിശ്വസ്തന്‍ ജോ റൂട്ടാണ് ഇംഗ്ലീഷ് പടയെ ബാറ്റിങ്ങില്‍ നയിക്കുക.
ഇന്ത്യന്‍ ബാറ്റിംഗ് നിര ശക്തമാണ്. കെ.എല്‍. രാഹുല്‍ മുതല്‍ ജഡേജ വരെയുള്ളവര്‍ മികച്ച ഫോമിലാണ്. നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 722 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഗില്ലിന്, ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബ്രാഡ്മാന്റെ റെക്കോര്‍ഡ് (974) തകര്‍ക്കാന്‍ 252 റണ്‍സ് കൂടി വേണം. ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സായ് സുദര്‍ശന്‍ വീണ്ടും ടോപ് ഓര്‍ഡറില്‍ കൈകോര്‍ക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് പദ്ധതിയിടുകയാണെങ്കില്‍, ഷാര്‍ദുലിനെ ഒഴിവാക്കി പകരം കരുണ്‍ നായരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

ഇന്നും അവസാന രണ്ട് ദിവസവും ഓവലില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനം പ്രവചിക്കുന്നു. ജയിക്കേണ്ട മനോഭാവത്തോടെ കളിക്കുന്ന ഇന്ത്യന്‍ ടീം മഴയെ മനസ്സില്‍ വെച്ചുകൊണ്ട് തന്ത്രം ആസൂത്രണം ചെയ്യേണ്ടിവരും. ഇന്ത്യ ഓവലില്‍ 15 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്, രണ്ടെണ്ണത്തില്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. 2021 ലെ പര്യടനത്തില്‍ ഇതേ വേദിയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ അവസാനമായി പരാജയപ്പെടുത്തി, 2023 ലെ ണഠഇ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. ഓവല്‍ ബാറ്റിംഗിന് പേടിസ്വപ്നമായിരിക്കും, അതിനാല്‍ ടോസ് നേടുന്ന ടീം ബൗളിംഗ് തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. തോല്‍വിയുടെ വക്കില്‍ നിന്ന് കരകയറി പരമ്പര നിലനിര്‍ത്തിയ ഇന്ത്യന്‍ ടീം, വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങുന്നത്. ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റില്‍ സുന്ദറുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ച ജഡേജയും, ഇംഗ്ലണ്ട് ടീം സുന്ദറിനോട് പെരുമാറിയ രീതിയും ലോകമെമ്പാടും ഇന്ത്യന്‍ ടീമിനുള്ള പിന്തുണ വര്‍ദ്ധിക്കാൈന്‍ കാരണമായി.

ഈ പരമ്പരയുടെ ഫലം എന്തുതന്നെയായാലും, ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏറ്റവും മികച്ച ടെസ്റ്റ് പരമ്പരകളില്‍ ഒന്നായി ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. ടീം തിരഞ്ഞെടുപ്പിനെയും ഗെയിം തന്ത്രത്തെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടയിലും, ദുഷ്‌കരമായ സാഹചര്യങ്ങളില്‍ യുവ ക്യാപ്റ്റന്‍ ഗില്‍ ടീമിനെ നയിച്ച രീതി അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ തെളിവാണ്. ഓരോ ടെസ്റ്റും മറ്റൊന്നിനെ മറികടന്ന് വേഗത്തില്‍ മുന്നേറുന്നു. ഈ പരമ്പരയിലെ ക്ലൈമാക്‌സ് ടെസ്റ്റ് ഗംഭീരമായിരിക്കുമെന്ന് ആരാധകക്കൂട്ടം വിശ്വസിക്കുന്നു.
















