രാജ്യത്തെ സംസ്ഥാന, ദേശീയ പാതകളിലും എക്‌സ്‌പ്രസ്‌വേകളിലുമായി 4,557 ഇലക്ട്രിക് വാഹന പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‌കരി. രാജ്യത്ത് ഏറ്റവും കൂടുതൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത് ഉത്തർ പ്രദേശിലാണെന്നും ആകെ 507 സ്റ്റേഷനുകളാണ് സ്ഥാപിച്ചതെന്നും കേന്ദ്രമന്ത്രി പാർലമെന്‍റിൽ വ്യക്തമാക്കി. കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.
കർണാടകയിൽ 489ഉം, മഹാരാഷ്ട്രയിൽ 459ഉം, തമിഴ്‌നാട്ടിൽ 456ഉം, രാജസ്ഥാനിൽ 424ഉം സ്റ്റേഷനുകളാണ് സ്ഥാപിച്ചത്. ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയിൽ (BEE) ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, രാജ്യത്തെ സംസ്ഥാന,ദേശീയ പാതകളിലോ എക്‌സ്‌പ്രസ്‌വേകളിലോ ആയി ആകെ 4,557 ഇവി പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ (PCS) സ്ഥാപിച്ചിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്.
2025 ഏപ്രിൽ 1 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ടയർ 2 നഗരങ്ങളിൽ നിലവിൽ 4,625 ഇവി ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതി വഴി രാജ്യത്തുടനീളം ഏകദേശം 72,00 ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നതായി സർക്കാർ അടുത്തിടെ പറഞ്ഞിരുന്നു. 2,000 കോടി ഇതിനായി ചെലവഴിക്കും.
50 ദേശീയപാത കോറിഡോറുകൾ, മെട്രോ നഗരങ്ങൾ, ടോൾ പ്ലാസകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ഇന്ധന ഔട്ട്‌ലെറ്റുകൾ, സംസ്ഥാന പാതകൾ തുടങ്ങിയ ഗതാഗതം കൂടുതൽ ഉപയോഗപ്പെടുത്തുന്ന നഗരങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായം ആഗോളതലത്തിൽ മുന്നിലെത്തിക്കുന്നതിനാണ് പിഎം ഇ-ഡ്രൈവ് യോജന വഴി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ബാഗമായി ഡിമാൻഡ് ഇൻസെന്‍റീവുകൾ വഴി ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുകയും, രാജ്യത്തുടനീളം ഇവി ചാർജിങ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
















