തമിഴ് നടൻ അജിത് കുമാറിന്റെ വാഹന പ്രേമം ആരാധകർക്ക് അറിയാവുന്നതാണ്. അഭിനയത്തിന് പുറമെ കാറുകൾ, ബൈക്കുകൾ, റേസിംഗ് എന്നിവയോടുള്ള അഭിനിവേശത്തിന് പേരുകേട്ടയാളാണ് നടൻ. ഇപ്പോഴിതാ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം BMW S1000RR സൂപ്പർ ബൈക്ക് താരം ഗാരിജിൽ എത്തിച്ചിരിക്കുകയാണ്.
ദുബായിയിലെ റോഡിലൂടെ പുതിയ ബൈക്കിൽ കറങ്ങി നടക്കുന്ന താരത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ കാഴ്ചയാണ്. സൂപ്പർ ബൈക്കുകളുടെ ആരാധകനായ അജിത്തിന്റെ ഗാരിജിലെ ബി എം ഡബ്ള്യു മോട്ടോറാഡിൽ നിന്നുള്ള ആദ്യത്തെ വാഹനമല്ല S1000RR.
നേരത്തെ ബി എം ഡബ്ള്യു R 1200GS എന്ന ബൈക്കിൽ ദീർഘദൂര റൈഡുകൾ നടത്തുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്.ഈ വർഷം നടന്ന ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് ബി എം ഡബ്ള്യു ഈ സൂപ്പർ ബൈക്കിനെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഏകദേശം 21.10 ലക്ഷം രൂപയാണ് വാഹനത്തിനു എക്സ് ഷോറൂം വില വരുന്നത്.
ഫീച്ചറുകൾ കൊണ്ട് സമ്പന്നമായ S1000RR റെയ്ൻ, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രൊ എന്നിങ്ങനെ അഞ്ചു മോഡുകളിൽ ലഭ്യമാണ്. ലോഞ്ച് കൺട്രോൾ, ഹിൽ സ്റ്റാർട്ട് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ പിറ്റ് ലൈൻ ലിമിറ്റർ, 6.5 ഇഞ്ച് ടി എഫ് ടി ഡിസ്പ്ലേ എന്നിങ്ങനെ നീളുന്നു സവിശേഷതകൾ.
206.51 ബി എച്ച് പി കരുത്തും 113 എൻ എം ടോർക്കും പുറത്തെടുക്കാൻ ശേഷിയുള്ള 999 സി സി ഇൻലൈൻ ഫോർ എൻജിനാണ് വാഹനത്തിന്റെ ഹൃദയം. 6 സ്പീഡ് ട്രാൻസ്മിഷനാണ്. റേസ് ട്യൂൺഡ് ആന്റി ഹോപ്പിങ് ക്ലച്ച്, ബി ഡയറക്ഷണൽ ക്വിക് ഷിഫ്റ്റർ, എം ഷോർട്ട് സ്ട്രോക്ക് ത്രോട്ടിൽ എന്നീ ഫീച്ചറുകളും കമ്പനി ഈ സൂപ്പർ ബൈക്കിനു നൽകിയിട്ടുണ്ട്. പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗം കൈവരിക്കാൻ 3.3 സെക്കൻഡുകൾ മാത്രം മതി ഈ കരുത്തന്. ഉയർന്ന വേഗം മണിക്കൂറിൽ 300 കിലോമീറ്ററാണ്.
















