ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കന്യാകുമാരി ജില്ലയിലെ കുളച്ചൽ യുദ്ധ സ്മാരകത്തിൽ കുളച്ചൽ വിജയ ദിനത്തിൻ്റെ 284-ാമത് വാർഷികം ആഘോഷിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പാങ്ങോട് സൈനിക കേന്ദ്രത്തിൽലെ മദ്രാസ് റെജിമെൻറ് കമാൻഡിങ് ഓഫീസർ കേണൽ അവിനാഷ് കുമാർ സിങ് യുദ്ധ സ്മാരകത്തിൽ
പുഷ്പചക്രം അർപ്പിച്ചു.
ചടങ്ങിൽ സൈനിക, സിവിൽ പ്രമുഖർ, സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ സൈനികർ, പ്രാദേശിക സമൂഹത്തിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കരസേന, പോലീസ്, എൻസിസി, ജില്ലാ ഭരണകൂടം, വിരമിച്ച കരസേന ഉദ്യോഗസ്ഥർ എന്നിവരെ പ്രതിനിധീകരിച്ച് പുഷ്പചക്രം സമർപ്പിച്ചു. റിട്ട. മേജർ ജനറൽ വിഡിഐ ദേവവാരം, എസ്‌എം, വിഎസ്‌എം, റിട്ട.മേജർ ജനറൽ ഫ്‌ളോറ, തക്കല സബ് കലക്ടർ ശ്രീ.വിനയകുമാർ മീണ, കുളച്ചൽ ഡിഎസ്പി തിരു കണ്ണദാസൻ, കുളച്ചൽ മുനിസിപ്പൽ കമ്മീഷണർ ശ്രീ. കണിയപ്പൻ, ഇടവക വികാരി ഫാദർ ജഗൻ, എൻ.സി.സി കേഡറ്റ്സ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൻ്റെ ഭാഗമായി, പൊതുജനങ്ങൾക്കായി ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും പ്രദർശനവും ഉണ്ടായിരുന്നു.
1741 ജൂലൈ 31-ന് കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ നേതൃത്വത്തിൽ തിരുവിതാംകൂർ സേന ഡച്ചുകാർക്കെതിരെ നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും കുളച്ചൽ ദിനം ആഘോഷിക്കുന്നു, രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ സേന സുസജ്ജമായ യൂറോപ്യൻ സേനയെ പരാജയപ്പെടുത്തി. ഡച്ച് സേനയ്‌ക്കെതിരായ തിരുവിതാംകൂർ സൈന്യത്തിന്റെ മഹത്തായ വിജയത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച സ്തംഭമാണ് കുളച്ചൽ യുദ്ധ സ്മാരകം.
തിരുവനന്തപുരത്ത് നിന്നും 68 കിലോമീറ്റർ തെക്കോട്ട് മാറി കടൽത്തീരത്ത് സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ ടൗൺഷിപ്പ് ആണ് കുളച്ചൽ. 1741 ജൂലൈ 31-ന്, വളരെ സവിശേഷമായ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ രാജാവിന്റെ സൈന്യം കടലിലും കരയിലും ഡച്ചുകാരെ പരാജയപ്പെടുത്തി. ഈ യുദ്ധം, ഒരു പ്രമുഖ യൂറോപ്യൻ സമുദ്രശക്തിയെ കടലിലും കരയിലും പരാജയപ്പെടുത്തിയ ഏക ഏഷ്യൻ സൈനിക ശക്തി എന്ന അതുല്യമായ ബഹുമതി തിരുവിതാംകൂർ രാജവംശത്തിന് നേടിക്കൊടുത്തു. കടൽ-കര യുദ്ധത്തിൽ ഇന്ത്യൻ സൈനികരുടെയും നാവികരുടെയും ഈ അതുല്യമായ വിജയത്തിൻ്റെ സ്മരണയ്ക്കായി കുളച്ചൽ കടൽത്തീരത്ത് ഒരു ഗംഭീരമായ വിജയസ്തംഭം മാർത്താണ്ഡവർമ്മ മഹാരാജാവ് നിർമ്മിച്ച് നൽകി.
CONTENT HIGH LIGHTS;Indian Army celebrates anniversary of victory in the Battle of Kulachal
















