ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ യുഎസ് കമ്പനിയായ ടെസ്‌ല ദക്ഷിണ കൊറിയൻ കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു. ബാറ്ററി പോലുള്ള പ്രധാന ആവശ്യങ്ങൾക്കായി ചൈനയെ ആണ് അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല ആശ്രയിച്ചിരുന്നത്. ഇപ്പോഴിതാ ദക്ഷിണ കൊറിയൻ കമ്പനിയായ എൽജി എനർജി സെല്യൂഷനുമായി (എൽജിഇഎസ്) 4.3 ബില്ല്യൺ ഡോളറിന്റെ ബാറ്ററി കരാറിൽ ടെസ്‌ല ഒപ്പുവെച്ചു.
2027 ഓഗസ്റ്റ് മുതൽ 2030 ജൂലൈ വരെയാണ് ടെസ്‌ലയുമായുള്ള എൽജിഇഎസിന്റെ കരാർ. ആവശ്യമനുസരിച്ച് കരാർ നീട്ടാനും സാധിക്കും. ഈ കരാർ പ്രകാരം യുഎസിലെ എൽജിഇഎസ് ഫാക്ടറിയിൽ നിന്ന് ലിഥിയം അയൺ ഫോസ്ഫേറ്റ് (എൽഎഫ്പി) ബാറ്ററികൾ ടെസ്‌ലയ്ക്ക് വിതരണം ചെയ്യും, അതിനാൽ ടെസ്‌ലയ്ക്ക് ചൈനയെ ആശ്രയിക്കേണ്ടിവരില്ല.
യുഎസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ടെസ്‌ലയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ചൈനയിൽ നിന്നാണ് ഈ ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ബാറ്ററികൾക്ക് യുഎസ് കനത്ത നികുതി ചുമത്തുന്നതിനാൽ ചൈനയിൽ നിന്നും എൽഎഫ്പി ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കരാർ. ഈ കരാർ മാത്രമല്ല, അടുത്തിടെയാണ് ടെസ്‌ല സാസങ് ഇലക്ട്രോണിക്സുമായും കരാറിലേർപ്പെട്ടത്. 16.5 ബില്ല്യൺ ഡോളറിന്റെ ചിപ്പ് വിതരണ കരാറായിരുന്നു അത്.
















