സംസ്ഥാന തൊഴില്‍വകുപ്പിനു കീഴിലുള്ള കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളിലും എത്തുന്നവരെ ഇനി സ്വാഗതം ചെയ്യുന്നത് ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസപ്ഷനിസ്റ്റുകള്‍. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള റിസപ്ഷന്‍ പ്ലാറ്റ്‌ഫോമിലൂടെ ഓഫീസുകളുടെ പ്രാഥമിക വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും, നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും, സംശയനിവാരണത്തിനും സാധിക്കും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് ആദ്യമായി എഐ റിസപ്ഷനിസ്റ്റ് കിയോസ്‌ക് ‘കെല്ലി’ സ്ഥാപിച്ചത്. ഇതിന്റെ തുടര്‍ച്ചയായി കൊല്ലത്തുള്ള ചീഫ് എക്‌സികുട്ടീവ് ഓഫീസിലും മറ്റു ജില്ലാ ഓഫീസുകളിലും കെല്ലി എഐ റിസപ്ഷനിസ്റ്റ് സേവനം വ്യാപിപ്പിക്കുന്നു.
ബാങ്കിങ് സേവനങ്ങള്‍, ക്ഷേമനിധി ഫീസ് അടയ്ക്കുന്നതിനുള്ള സംവിധാനം, ഫയലുകളുടെ തല്‍സ്ഥിതി അറിയാനുള്ള ഇ ആര്‍ പി ഏകീകരണം, ചോദിക്കുന്നതിനുള്ള മറുപടികളുടെ പ്രിന്റ്ഔട്ട് ലഭ്യമാക്കുന്ന സംവിധാനം എന്നിവ ഉള്‍പ്പെടുത്തി നവീകരിച്ച സംവിധാനമാണ് പുതിയതായി സജ്ജീകരിക്കുന്നത്. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവനായും ഡിജിറ്റല്‍ പ്ലാറ്റഫോമിലേക്ക് മാറുന്നതിന്റെ ഭാഗമായി ക്ഷേമനിധി അംഗങ്ങള്‍ക്കായി കെല്ലി ആന്‍ഡ്രോയിഡ്, ഐ ഒ എസ് മൊബൈല്‍ ആപ്ലിക്കേഷനും ഇതോടൊപ്പം തയ്യാറാകുന്നുണ്ട്.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി നല്‍കുന്നതിന് കഴിഞ്ഞ നവംബര്‍ മുതല്‍ തിരുവനന്തപുരം ഓഫീസില്‍ റിസപ്ഷന്‍ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്നുണ്ട്. ഓഫീസില്‍ എത്തുന്നവര്‍ക്ക് കെല്ലിയോട് നേരിട്ട് ചോദിച്ചു ബോര്‍ഡ് നല്‍കുന്ന സേവനങ്ങളെക്കുറിച്ചു മനസ്സിലാക്കാന്‍ കഴിയും. വിവരങ്ങള്‍ സ്‌ക്രീനില്‍ ലഭ്യമാകുകയും കെല്ലിയുടെ വോയിസ് മറുപടി കേള്‍ക്കാനും സാധിക്കും.
ആധുനിക നിര്‍മിത ബുദ്ധി സാങ്കേതിക സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള Large Language Models (LLMs) മെറ്റയുടെ ലാമ 3 അടിസ്ഥാനമാക്കിയാണ് കെല്ലി വികസിപ്പിച്ചിരിക്കുന്നത്. ജനറേറ്റിവ് നിര്‍മിത ബുദ്ധിയോടൊപ്പം ഇന്റര്‍നെറ്റില്‍ നിന്നും തത്സമയം ഡാറ്റകള്‍ ശേഖരിച്ച് അവ ക്രോഡീകരിച്ച് ഉത്തരം നല്‍കുന്നതിനും കെല്ലിയ്ക്ക് സാധിക്കും. ടച്ച് സ്‌ക്രീന്‍ കിയോസ്‌ക്കിലാണ് സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. വെര്‍ച്വല്‍ അസിറ്റന്റാണ് പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നതും മറുപടികള്‍ നല്‍കുന്നതും. ഫേസ് റെക്കഗ്‌നിഷന്‍ സൗകര്യവും ഏകോപിപ്പിച്ചിട്ടുണ്ട്. മുഖഛായകള്‍ ശേഖരിക്കാനും അത് തിരിച്ചറിഞ്ഞു വ്യക്തികളെ സ്വാഗതം ചെയ്യാനും അവരുമായി ആശയവിനിമയം നടത്താനും കഴിയും.
ഗൂഗിള്‍ വെബ് സെര്‍ച്ച് എന്‍ജിന്‍, ഫേസ് റെക്കഗ്‌നിഷന്‍ എ ഐ മോഡലുകള്‍, ലാമ ഇന്‍ഡക്‌സ്, സ്പീച്ച് കണ്‍വെര്‍ഷന്‍, ലാങ്ക്വേജ് കണ്‍വെര്‍ഷന്‍ മോഡലുകള്‍ തുടങ്ങിയ നൂതന സാങ്കേതിക മാതൃകകളിലൂടെയാണ് കെല്ലി പ്രവര്‍ത്തിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള നവീകരണം സംയോജിപ്പിക്കാന്‍ ശേഷിയുള്ളതാണ് കെല്ലി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ സര്‍ക്കാരിന്റെ ദിവസേനയുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്രദമാക്കുന്നതിനുള്ള മികച്ച സംവിധാനമാണ് കെല്ലി റിസപ്ഷന്‍ പ്ലാറ്റ്‌ഫോമുകള്‍. കേരള ടൈലറിംഗ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന് വേണ്ടിയും കെല്ലി മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാന്‍ പദ്ധതിയുണ്ട്. കെല്ലി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസപ്ഷന്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചിരിക്കുന്നത് കെല്‍ട്രോണ്‍ ആണ്.
















