താരസംഘടനയായ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 13 പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ 12 പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അനൂപ് ചന്ദ്രൻ, സരയു മോഹൻ, ആശ അരവിന്ദ്, വിനു മോഹൻ, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിങ്ങനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച എല്ലാവരും പത്രിക പിൻവലിക്കുകയായിരുന്നു. നേരത്തെ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അൻസിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉൾപ്പെട്ടിരുന്നു.
അതേസമയം ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്ന് ബാബുരാജും പ്രസിഡന്റ് സ്ഥാനത്തു നിന്നു ജഗദീഷും പത്രിക പിൻവലിച്ചിട്ടുണ്ട്. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ദേവനും ശ്വേതാ മേനോനുമാണ് മത്സര രംഗത്തുള്ളത്. ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അതേസമയം, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള നാമനിർദേശ പത്രിക നടി നവ്യാ നായർ പത്രിക പിൻവലിച്ചു.
ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിലവിൽ മത്സര രംഗത്തുള്ളത് കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ്. ട്രഷറർ സ്ഥാനത്തേയ്ക്ക് ഉണ്ണിശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവരും മത്സര രംഗത്തുണ്ട്.ജഗദീഷും ശ്വേതാ മേനോനും ജോയ് മാത്യുവും ഉൾപ്പെടെ 7 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ ജോയ് മാത്യുവിന്റെ നാമനിർദ്ദേശപത്രിക ആദ്യമേ തള്ളിയിരുന്നു. ഒരു വനിത പ്രസിഡന്റ് ആകട്ടെ എന്ന നിലപാടിലേക്ക് എത്തിയ ജഗദീഷ് പിന്നീട് നാമനിർദ്ദേശപത്രിക പിൻവലിച്ചു. ഇതിന് പിന്നാലെ അനൂപ് ചന്ദ്രനും, രവീന്ദ്രനും, ജയൻ ചേർത്തലയും പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം, നടൻ അനൂപ് ചന്ദ്രനെതിരെ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുകയും വ്യക്തിഹത്യ ചെയ്തെന്നുമാണ് പരാതി. ‘അമ്മ’ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനൂപ് ചന്ദ്രൻ സംഘടനയുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നടത്തിയ പരാമർശമാണ് പരാതിക്കാധാരം.
















